mar22a

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയിൽ കടവിൽ വാമനപുരം നദിക്കു കുറുകേ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. ഓരോ തിരഞ്ഞെടുപ്പു കാലത്തും ഇവിടത്തെ നാട്ടുകാർ പാലത്തിനുവേണ്ടി മുറവിളി കൂട്ടുമെങ്കിലും ജയിച്ചു പോയവർ ഈ കാര്യത്തിൽ ഉദാസീനത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയ സംസ്ഥാന ബഡ്ജറ്റിൽ മുള്ളിയിൽ കടവ് പാലത്തിന് തുക അനുവദിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. നഗരസഭാ ബഡ്ജറ്റിൽ ഇതിനായി ടോക്കൺ അനുവദിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. വഞ്ചിയൂർ, കട്ടപ്പറമ്പ് പ്രദേശത്തുകാർക്ക് ആറ്റിങ്ങലിലെത്താൻ എളുപ്പ വഴി അവനവഞ്ചേരി മുള്ളിയിൽ കടവിലെ കടത്താണ്. എന്നാൽ ഇവിടത്തെ കടത്തുകാരൻ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച ശേഷം യഥാസമയം കടത്തു വള്ളം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാർ എറെ വലയുകയാണ്. ഈ പ്രദേശത്തുനിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേക്കും പ‍ഠനത്തിനായി പോകുന്നത്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കട്ടപ്പറമ്പുകാർക്ക് ആറ്റിങ്ങലിലെത്തിയേ തീരൂ. അവനവഞ്ചേരി മാർക്കറ്റാണ് ഈ പ്രദേശത്തുകാരുടെ സാധന കൈമാറ്റത്തിന്റെയും വാങ്ങലിന്റെയും ഇടം. വാമനപുരം നദിക്കു കുറുകെ മുള്ളിയിൽ കടവിൽ ഒരു പാലം വന്നാൽ ഈ പ്രദേശത്തുകാർക്ക് ആറ്റിങ്ങലെത്താൻ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടാകുക. ഇപ്പോൾ കട്ടപ്പറമ്പുകാ‌ർക്ക് കാൽനടയായി കിലോമീറ്ററുകൾ താണ്ടി രണ്ടോ മൂന്നോ ബസ്കയറിവേണം ആറ്റിങ്ങലിലെത്താൻ.