1

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഏറ്റെടുത്ത് തലസ്ഥാനവും. സ്വയം നിയന്ത്രണം പാലിച്ച് വീട്ടിലിരിക്കാൻ ജനങ്ങൾ തയ്യാറായതോടെ റോഡുകളിൽ ആരുമില്ലാതായി. ഇത് വരെ കണ്ടിട്ടില്ലാത്ത വിധത്തിൽ കടകമ്പോളങ്ങളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഹർത്താൽ ദിനങ്ങളിൽ വരെ നിരത്തിലിറങ്ങാൻ മടിക്കാത്തവ‌ർ പോലും ഇന്നലെ വീട്ടിലിരുന്നു.

കർഫ്യൂ ആരംഭിച്ച രാവിലെ 7 മുതൽ തന്നെ റോഡുകൾ ശൂന്യമായിരുന്നു. ജില്ലയിലെ തിരക്കേറിയ സ്ഥലങ്ങളായ തമ്പാനൂർ, പാളയം, കിഴക്കേകോട്ട, ചാല മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ആളില്ലാ ഇടങ്ങളായി. ഇരുചക്ര വാഹനങ്ങളും റോഡിലിറങ്ങാൻ മടിച്ചു. മിക്ക റോഡുകളിലും പൊലീസിന്റെയും ആരോഗ്യ പ്രവ‌ർത്തകരുടെയും മാദ്ധ്യമപ്രവ‌ർത്തകരുടെയും വാഹനങ്ങൾ മാത്രമാണുണ്ടായിരുന്നത്. നിരത്തിലറങ്ങിയവർക്ക് ആരോഗ്യപ്രവ‌ത്തക‌‌ർ സാനിറ്റൈസ‌ർ നൽകി.

ഇതിനിടയിൽ ജില്ലകൾ അടച്ചിടുമെന്ന വാർത്ത പരന്നത് ജനങ്ങളിൽ ആശങ്കയുളവാക്കി. പിന്നീട് ജില്ലകൾ അടയ്ക്കാൻ തീരുമാനിച്ചില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നത് പലർക്കും ആശ്വാസമായി. രാത്രി 9ന് ശേഷവും ക‌ർഫ്യൂ തുടർന്നതിനാൽ രാത്രി വൈകിയും അധികമാളുകൾ പുറത്തിറങ്ങിയില്ല.

 പൊതുഗതാഗത സൗകര്യങ്ങളൊന്നും പ്രവർത്തിച്ചില്ല

മുൻകൂട്ടി അറിയിച്ചതനുസരിച്ച് സ്വകാര്യബസുകളൊന്നും സ‌ർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി സർവീസുകളും നിറുത്തിവച്ചു. ആട്ടോറിക്ഷകളും ടാക്സികളും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകൾ, ബേക്കറി തുടങ്ങിയ ഭക്ഷണശാലകളും അടഞ്ഞുകിടന്നു. മാളുകൾ മറ്റ് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയും തുറന്നില്ല. ആശുപത്രികളിൽ അടിയന്തര സേവനങ്ങൾ മാത്രമേ ഉണ്ടാകുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം ആശുപത്രികളിലും തിരക്ക് നന്നേ കുറവായിരുന്നു. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ആരുമെത്തിയില്ല. തമ്പാനൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആർ.പി.എഫ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും മാത്രമാണുണ്ടായിരുന്നത്.

 നഗരത്തെ അണുവിമുക്തമാക്കി ഫയർഫോഴ്സ്

ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെ നഗരത്തിലെ വിവിധയിടങ്ങൾ അണുവിമുക്തമാക്കി. രാവിലെ കിഴക്കേകോട്ട, ചാല പരിസരവും ഉച്ചയ്ക്ക് ശേഷം തമ്പാനൂ‌‌ർ ബസ്‌സ്റ്റാൻഡ്, ആർ.എം.എസ്, സ്റ്റാച്യു, പട്ടം, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ തുടങ്ങിയ സ്ഥലങ്ങളും അണുവിമുക്തമാക്കി. മെഡിക്കൽ കോളേജ് പരിസരവും ശുചിയാക്കി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 16 ഉദ്യോഗസ്ഥർ ഈ ഉദ്യമത്തിൽ പങ്കാളികളായി. കർഫ്യൂ ദിനത്തിൽ വീടും പരിസരവും വൃത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ജനങ്ങളും ഏറ്റെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കളക്ടർ കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവരും ഈ നിർദേശത്തിൽ പങ്കാളികളായി.

 കൈയടിച്ച് ആരോഗ്യപ്രവർത്തക‌ർക്ക് അഭിനന്ദനം

കൊറോണ സൃഷ്ടിക്കുന്ന ആശങ്കകൾക്കിടയിലും സ്വയം മറന്ന് സേവനത്തിനിറങ്ങിയ ആരോഗ്യപ്രവ‌ർത്തകർക്ക് അഭിനന്ദനമറിയിച്ച് തലസ്ഥാനവും. വൈകിട്ട് കൃത്യം അഞ്ച് മണിക്ക് ആളുകൾ കൈയടിച്ചും മണി മുഴക്കിയും പാത്രങ്ങൾകൊണ്ട് ശബ്ദമുണ്ടാക്കിയും ആരോഗ്യപ്രവർത്തകരെ അനുമോദിച്ചു മുതി‌ന്നവരും കുട്ടികളും ഇതിൽ പങ്കാളികളായി.