വർക്കല: വർക്കല ഗവ. ഐ ടി ഐയ്ക്ക് ഭൂമി അനുവദിച്ചു. 2018ൽ അനുവദിച്ച ഐ ടി ഐ താല്ക്കാലികമായി പുന്നമൂട്, കുരയ്ക്കണ്ണി എൻ എസ് എസ് കരയോഗ മന്ദിരങ്ങളിലാണ് പ്രവർത്തിക്കുന്നത്. സിവിൽ, മെക്കാനിക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഈരണ്ട് ബാച്ചുകളിലായി 183 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്റാലയത്തിന്റെ അംഗീകാരമുളള ഐ ടി ഐയ്ക്ക് കെട്ടിടെ നിർമ്മിക്കുവാൻ വർക്കല താലൂക്ക് ഓഫീസിനു സമീപം പൊലീസ് ഡിപ്പാർട്ട് മെന്റിന്റെ കൈവശമുളള മൂന്നേക്കർ ഭൂമിയിൽ നിന്നു ഒരേക്കർ 15 സെന്റ് സ്ഥലമാണ് വിട്ടുനൽകാൻ മന്ത്റിസഭായോഗം തീരുമാനമെടുത്തത്. ഇവിടെ ഐ ടി ഐയ്ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളുളള കെട്ടിടസമുച്ചയം ഉടൻ നിർമ്മിക്കുമെന്ന് അഡ്വ. വി.ജോയി എം.എൽ.എ അറിയിച്ചു.