വെള്ളറട: മലയോരത്ത് ചീഞ്ഞ മത്സ്യങ്ങളുടെ വില്പന വ്യാപകമാകുന്നതായി പരാതി.

പനച്ചമൂട് പബ്ലിക് മാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപകമായി തോതിൽ ദിവസങ്ങൾ പഴക്കമുള്ളതും ചീഞ്ഞതുമായ മത്സ്യങ്ങളാണ് വിറ്റഴിക്കുന്നത്. പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ പോലും യാതൊരു നിയന്ത്രണവുമില്ലാതെ വില്പന തകൃതിയായി നടക്കുന്നുണ്ട്. പുലർച്ചെ നടക്കുന്ന മത്സ്യ ലേലത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ലോഡ് മത്സ്യങ്ങളാണ് വില്പനയ്ക്ക് എത്തുന്നത്. ശീതീകരണ സംവിധാനങ്ങളൊന്നുമില്ലാതെ ആന്ധ്ര, കർണ്ണാടക, മംഗലാപുരം, മാഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും കണ്ടെ‌യ്‌നറുകളിലും ലോറികളിലുമായി കേടുകൂടാതിരിക്കാൻ മരുന്നുകൾ അടിച്ചുമാണ് എത്തുന്നത്. രണ്ടു ദിവസം മുമ്പ് ആന്ധ്രയിൽ നിന്നും ഒരു കണ്ടെയ്നർ നിറയെ എത്തിയ ചീഞ്ഞ മത്സ്യം വില്പനയ്ക്ക് വച്ചതോടെ അസഹ്യമായ ദുർഗന്ധമാണ് ഉണ്ടായത്. ഇതോടെ സ്ഥലവാസികളുടെ എതിർപ്പിനെ തുടർന്ന് വാഹനം മാർക്കറ്റിന് പുറത്ത് കൊണ്ടിട്ടു. നാട്ടുകാർ ജനപ്രതിനിധികളെയും പൊലീസിനെയും അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വാഹനം ഇവിടെ നിന്നും കൊണ്ടുപോകാൻ നിർദ്ദേശിച്ചു. പുലർച്ചെ നടക്കുന്ന മത്സ്യ ചന്തയിൽ ആരോഗ്യവകുപ്പോ ഭക്ഷ്യ സുരക്ഷ വിഭാഗമോ യാതൊരു പരിശോധനയും നടത്താൻ എത്താത്തത് കാരണം ചീഞ്ഞതും കേടുവന്നതുമായ മത്സ്യം വില്ക്കാമെന്ന അവസ്ഥയാണ്. ഇവിടെ നിന്നും മത്സ്യം മൊത്തമായി എടുക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധി വാഹനങ്ങളാണ് എത്തുന്നത്. പകർച്ച വ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലെങ്കിലും ആരോഗ്യ വകുപ്പും ഫുണ്ട് ആൻഡ് സേഫ്റ്റി അധികൃതരും പരിശോധന നടത്താൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.