shanavaskhan

കഴക്കൂട്ടം: തന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ തലേദിവസം നിർദ്ധനരായ എട്ട് യുവതികൾക്ക് വിവാഹം നടത്താനൊരുങ്ങുകയാണ് പ്രവാസി മലയാളിയായ എം.ഐ. ഷാനവാസ് ഖാൻ. അബുദാബി ആസ്ഥാനമായുള്ള ലൈലക് ഗ്രൂപ്പ് എം.ഡിയും കഴക്കൂട്ടം ചന്തവിള ആമ്പല്ലൂർ സ്വദേശിയുമാണ് ഇദ്ദേഹം. 28ന് രാവിലെ 10ന് ആമ്പല്ലൂർ മുസ്ളിം ജമാ അത്ത് അങ്കണത്തിൽ അതാതു മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടക്കുക. കൂടുതൽപേരെ പങ്കെടുപ്പിക്കാനാകാത്തതിനാൽ ഒരുസമയം ഒരുവിവാഹം മാത്രമേ നടത്തുകയുള്ളുവെന്ന് ഷാനവാസ് പറഞ്ഞു. ഒാരോത്തർക്കായ് 5 പവൻ സ്വാർണാഭരണവും ഒരുലക്ഷം രൂപയും നൽകുന്നതിന് പുറമെ വിവാഹ വസ്ത്രം, സദ്യ, താമസം, യാത്ര തുടങ്ങിയ എല്ലാം ചെലവും വഹിക്കും.

30 വർഷമായി അബുദാബിയിലായിരുന്നു ഷാനവാസ്ഖാൻ. ഒരു നല്ലകാലം ഉണ്ടാകുന്ന സമയം പാവപ്പെട്ട അഞ്ചുപേരെ വിവാഹം ചെയ്തു അയയ്ക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് സാക്ഷാത്കരിക്കാൻ പോകുന്നതിലുള്ള വലിയ സന്തോഷത്തിലാണ് അദ്ദേഹം. കഴക്കൂട്ടം സൈനിക സ്കൂളിനടുത്ത് നിർമ്മിച്ച പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ തലേദിവസമാണ് സമൂഹവിവാഹം. ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങ് ഗംഭീരമാക്കാനായിരുന്നു ആഗ്രഹം. നിലവിലെ സാഹചര്യത്തിൽ അതു നടത്താൻ കഴിയാത്തതിനാൽ പെൺകുട്ടികളുടെ മാതാപിതാക്കളെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂ.

മനുഷ്യജീവനാണ് വലുത്,​ അതിനാൽ നാടിന്റെ നന്മയോർത്ത് നാട്ടുകാരും മറ്റും ചടങ്ങിൽ പങ്കെടുക്കരുതെന്നും നിയന്ത്രണങ്ങൾ മാറിയ ശേഷം തന്റെ ആഗ്രഹപ്രകാരം ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു വിവാഹ സൽക്കാരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.