bhavana

കാട്ടാക്കട: കൊറോണ വ്യാപനം തടയുന്നതിനുള്ള മാതൃകാ പ്രവർത്തനങ്ങളുമായി പൂഴനാട് നീരീഴിക്കോണം ഭാവന ഗ്രന്ഥശാല. ആദ്യഘട്ടത്തിൽ നെഹ്റു യുവകേന്ദ്രമായി സഹകരിച്ച് ഭാവനയുടെ യുവവേദി പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തു. രണ്ടാംഘട്ടമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനും നടത്തി. മാസ്കുകൾ കിട്ടാതായ സാഹചര്യത്തിൽ ഭാവന ഗ്രന്ഥശാലയിൽ പ്രവർത്തിച്ചിരുന്ന തുണിഞ്ചി നിർമ്മാണ യൂണിറ്റ് നിറുത്തലാക്കി പകരം മാസ്കുകൾ നിർമ്മിക്കുകയാണ്.

ഡിസ്പോസിബിൾ മാസ്കുകളും പുനരുപയോഗത്തിന് പറ്റിയവയുമായ രണ്ടു തരത്തിലുള്ള മാസ്കുകളാണ് ഇവിടെ നിർമിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മാസ്കുകൾ നിർമ്മിക്കാനുള്ള തയാറെടുപ്പിലാണെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയ മാസ്കുകൾ മെഡിക്കൽഓഫീസർ ഡോ. വിനോജ് ഏറ്റുവാങ്ങി. പൂഴനാട് ജംഗ്ഷനിൽ ഓട്ടോ ഓട്ടോ ഡ്രൈവേഴ്സിനും പൊതുജനങ്ങൾക്കും സൗജന്യമായി മാസ്ക്കുകൾ നൽകുന്ന പ്രവർത്തനവും ഗ്രന്ഥശാല സംഘടിപ്പിച്ചു. ഭാവന പ്രസിഡൻ്റ് പൂഴനാട് ഗോപൻ, സെക്രട്ടറി ഗംഗൻ, ഭാരവാഹികളായ വിപിൻ, വിൻസന്റ്, നിഖിൽ, സതീഷ്, അജിത്ത്, ലിജോബിനു, അരുൺ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.