വർക്കല:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ജനതാ കർഫ്യൂവിൽ വർക്കല നിശ്ചലമായി.ഞായറാഴ്ച പുലർന്നതു മുതൽ ആരും വീടിനു പുറത്തിറങ്ങിയില്ല.വാഹനങ്ങളില്ലാതെ നിരത്തുകൾ വിജനമായിരുന്നു.നഗരപ്രാന്തങ്ങളിലെ ഗ്രാമീണ റോഡുകൾ പോലും ഗതാഗതമില്ലാതെ ശൂന്യമായിരുന്നു.വ്യാപാരസ്ഥാപനങ്ങൾ ഒന്നുപോലും തുറന്നില്ല.ഹർത്താൽ ദിനങ്ങളിൽപോലും കാണാത്ത വിധം സ്തംഭനാവസ്ഥയിലായിരുന്നു നഗരജീവിതം.മെഡിക്കൽ സ്റ്റോറുകളും അടഞ്ഞു കിടന്നു.പൊലീസ് ആംബുലൻസ് വാഹനങ്ങൾ പോലും അപൂർവമായി മാത്രമെ റോഡിലിറങ്ങിയുളളു.ഭയമല്ല ജാഗ്രതയാണാവശ്യമെന്ന സന്ദേശം അക്ഷരാർത്ഥത്തിൽ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.സ്വമേധയാ വീടുകളിൽ കഴിഞ്ഞവർ രോഗങ്ങളെ ചെറുക്കാൻ വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ആവശ്യമാണെന്ന വീണ്ടുവിചാരത്തോടെ വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിലും അണുവിമുക്തമാക്കുന്നതിലും വ്യപൃതരായിരുന്നു.കർഫ്യൂ ദിനത്തിലും നഗരസഭയിലെ ആരോഗ്യ പ്രവർത്തകരും ആശാവാളന്റിയർമാരും വിജിലന്റായിരുന്നു.വിദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ ലീവിനെത്തിയ വീടുകളിൽ അവരെത്തി ബോധവത്കരണം നടത്തുകയും നാട്ടിലെത്തിയ പ്രവാസി മലയാളിയെ രണ്ടാഴ്ചക്കാലം ഹൗസ് കോറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു.മഹാമാരിയെ ചെറുക്കാനുളള പ്രവർത്തനങ്ങളിൽ ജനങ്ങൾ പൗരബോധത്തോടെ ഒരുമിച്ചു നിന്ന കാഴ്ചയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.വൈകുന്നേരം 5 മണിക്ക് പാത്രങ്ങളിൽ മുട്ടിയും കാളിംഗ് ബെല്ലടിച്ചും ജീവൻ പണയം വച്ചും രക്ഷാപ്രവർത്തനത്തിൽ ഏർപെടുന്ന ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനും അഭിവാദ്യമർപ്പിച്ചു.