vld-1

വെള്ളറട: കൊറോണ വൈറസിനെതിരേ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ഐക്യദാർഢ്യവുമായി ആനാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് രംഗത്ത്. കേഡറ്റുകൾ യൂണിഫോം ധരിച്ച് കുടുംബാംഗങ്ങളോടൊപ്പം വീടിനു മുന്നിൽ ഐക്യദാർഢ്യ പോസ്റ്ററുകൾ പതിപ്പിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളാവാമെന്ന ഉറച്ച തീരുമാനവും അവതരിപ്പിച്ചു. ഇവർ രക്ഷിതാക്കളോടൊപ്പം വീടുകളിൽ നിർമ്മിച്ച മാസ്കുകൾ പഞ്ചായത്തു പ്രദേശത്തെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും എത്തിച്ചു. ഹാന്റ് സാനിറ്ററൈസുകൾ വരും ദിവസങ്ങളിൽ വിതരണം ചെയ്യാനായി അദ്ധ്യാപകനും എസ്.പി.സി കോഡിനേറ്ററുമായ സൗദീഷ് തമ്പി യൂണിറ്റ് ക്യാപ്റ്റൻ ഗോപിക എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കുകയാണ്.