medi-road

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ജനം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത് വിജയിപ്പിച്ചു. ആരോഗ്യ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിലെ ജനം ഇന്നലെ കരുതലോടെ വീട്ടിലിരുന്നു. കർഫ്യൂ അവസാനിച്ച രാത്രി 9ന് ശേഷവും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് സംസ്ഥാന സർക്കാർ വിലക്കിയതോടെ,കർഫ്യൂ രാപകൽ പൂർത്തിയാക്കി. കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അഭിനന്ദിക്കുന്നതിനായി വൈകിട്ട് 5ന് വീടുകളിൽ പാത്രങ്ങൾ മുട്ടുകയും കൈയടിക്കുകയും ചെയ്തു.

അവശ്യസർവീസുകളിലെ ജീവനക്കാരും ആശുപത്രികളിലേക്കുള്ള വാഹനങ്ങളും മാത്രമാണ് ഇന്നലെ പ്രധാനമായും നിരത്തിലിറങ്ങിയത്. കടകളൊന്നും തുറന്നില്ല. വാഹനങ്ങൾ ഒാടിയില്ല. വിവിധ സ്ഥലങ്ങളിൽ നിന്നു പുറപ്പെട്ട ട്രെയിനുകൾ മാത്രമാണു സംസ്ഥാനത്തേക്ക് എത്തിയത്. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ചശേഷം പുറത്തേക്കുവിട്ടു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും വീടുകളിൽ തങ്ങി. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം, കേരളീയർ എന്നപോലെ, മന്ത്രിമാരിൽ പലരും വസതികളും പരിസരവും ശുചീകരിക്കാനും മുന്നിട്ടിറങ്ങി. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും വീട്ടുമുറ്റം ശുചീകരിച്ചു. വീട്ടിലിരുന്നാണു പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്രമസമാധാനചുമതല നിർവഹിച്ചത്. ജനത കർഫ്യൂ വിജയകരമാക്കൻ പൊലീസും ജാഗ്രതയിലായിരുന്നു.

രാത്രി 9 കഴിഞ്ഞ് ജനം കൂട്ടത്തോടെ പുറത്തിറങ്ങുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് വീട്ടിൽ തന്നെ കഴിഞ്ഞ് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചത്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശവും നൽകി..
പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിറുത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേട്ടായ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും ഈ നിയമത്തിലെ സെക്‌ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും നൽകിയിട്ടുണ്ട്.