corona
CORONA

തിരുവനന്തപുരം : കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ആരോഗ്യവകുപ്പ് അക്ഷീണം പ്രയത്നിക്കുമ്പോഴും രോഗബാധ സംസ്ഥാനത്ത് കൂടുതൽ ശക്തമാകുന്നു. മൂന്നു ദിവസത്തിനുള്ളിൽ 39 പേർ രോഗത്തിന്റെ പിടിയിലായത് കടുത്ത ആശങ്ക ഉയർത്തുന്നു..

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളിലൂടെ, രണ്ടാംഘ ട്ടത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തത് ഈ മാസം ഏട്ടിനാണ്. 15 ദിവസത്തിനുള്ളിൽ 64 പേരെയാണ് വൈറസ് ബാധിച്ചത്. 10 ജില്ലകളിൽ കോറാണ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. സർക്കാർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് പറയുമ്പോഴും ,വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് ശുഭസൂചനയല്ല . കാര്യങ്ങൾ പിടിവിട്ടു പോയാൽ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി ദിവസങ്ങൾക്ക് മുമ്പ് തന്നെ പറഞ്ഞിരുന്നു.

ആരോഗ്യ വിദഗ്ധർ പറയുന്നത് പോലെ ഈ ആഴ്ചയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകം. മൂന്നാംഘട്ടത്തിൽ കൊറോണയുടെ സമൂഹവ്യാപനമാണ് . ഈ ഘട്ടത്തിലാണ് വൈറസ് ബാധിതരുടെ എണ്ണം അടിക്കടി ഉയരുന്നതും.

വിദേശത്ത് നിന്നെത്തിയ കാസർകോട് സ്വദേശി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചതിന്റെ ഫലമാണ് ജില്ലയിലാകെ അനുഭവിക്കുന്നത്. കാസർകോട് മാത്രം 19 പേർക്കാണ് വൈറസ് ബാധിച്ചത്. എറണാകുളമാണ് തൊട്ടുപിന്നിൽ 12പേർ.. ഇതിൽ ഭൂരിഭാഗവും വിദേശികളാണ്. കണ്ണൂരിൽ 10 പേർക്കാണ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ ഒൻപത് പേരും തിരുവനന്തപുരത്തും മലപ്പുറത്തും നാലു പേർ വീതവും ചികിത്സയിലാണ്. കോട്ടയത്തും കോഴിക്കോടും രണ്ടു പേർക്കും, തൃശൂരും ഇടുക്കിയിലും ഒരാൾക്ക് വീതവും. . തിരുവനന്തപുരത്തും പത്തനംതിട്ടയിലും രോഗിയുമായി ഇടപഴകിയ സെക്കൻഡറി കോൺടാക്റ്റിലുള്ളവരുടെ ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ആരോഗ്യവിദഗധർ ചൂണ്ടിക്കാട്ടുന്നു.

വൈറസ് ബാധിതരുടെ എണ്ണം ഉയരുമ്പോൾ, കർശന നടപടികളിലേക്ക് സർക്കാരിന് കടന്നേ മതിയാകൂ. . ഇന്ന് ചേരുന്ന ഉന്നതലയോഗം ഇക്കാര്യം ഉൾപ്പെടെ ചർച്ചചെയ്യും. പല ജില്ലകളും അടയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നാണ് വിവരം.