kovalam

വിഴിഞ്ഞം: കൊറോണ സാമൂഹ്യ വ്യാപനം തടയുന്നതിനായി കേരള സർക്കാർ തുടക്കമിട്ട ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനുമായി അദാനി ഫൗണ്ടേഷൻ. സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്ത്രീകളുടെ സ്വയം തൊഴിൽ സംരംഭങ്ങളിൽ ഒന്നായ തയ്യൽ യൂണിറ്റ് നിർമ്മിച്ച മാസ്ക്കുകൾ വിഴിഞ്ഞം പ്രദേശത്ത് വിതരണം ചെയ്തു. മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം അദാനി ഫൗണ്ടേഷൻ ഹെഡ് ഡോ. അനിൽ ബാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ, തിരുവനന്തപുരം നഗരസഭാ വിഴിഞ്ഞം സോണൽ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എന്നിവർ ചേർന്ന് നിർവഹിച്ചു. സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി വിഴിഞ്ഞം സോണൽ ഓഫീസിന് മുൻവശം, വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ, തെന്നൂർ കോണം ജംഗ്ഷൻ എന്നിവിടങ്ങളിൽ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതിനുള്ള വാട്ടർ ടാങ്കുകളും സ്ഥാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മാസ്ക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരുമെന്നും ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു