പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്ത് മേഖലയിൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. പഞ്ചായത്ത് അംഗങ്ങളുടെയും വിവിധ മത മേലദ്ധ്യക്ഷൻമാരുടെയും സാമുഹ്യ പ്രവർത്തകരുടെയും അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനം സെക്രട്ടറി അറിയിക്കുകയായിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര യോഗം ചേർന്നത്. ഇവിടങ്ങളിൽ അടുത്ത കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ സർക്കാർ മുന്നറിയിപ്പുകളെ അവഗണിച്ച് പൊതുസമൂഹത്തിൽ ഒരു നിയന്ത്രണവുമില്ലാതെ ഇടപഴകുന്നതായി ഭയപ്പാടോടുകൂടി ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനം എടുക്കാനിടയായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാർ പറഞ്ഞു. ആരാധാനാലയങ്ങൾ, വിവാഹസല്കാരങ്ങൾ, മരണാനന്തര ചടങ്ങുകൾ, പൊതു മാർക്കറ്റുകൾ, തീരപ്രേദേശങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ മറ്റ് പൊതുചടങ്ങുകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് സർക്കാരിൽ നിന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നുവെന്ന് സെക്രട്ടറി അറിയിച്ചു.