marriage

തിരുവനന്തപുരം: സർക്കാറിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് വിവാഹച്ചടങ്ങുകൾ നടത്തിയതിന് കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. ഇതിൽ നാലുപേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വാഴോട്ടുകോണം വാർഡിൽ പാണാങ്കര സ്വദേശിനിയായ യുവതിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് സംഭവം. വട്ടിയൂർക്കാവിലെ ഒരു ആഡിറ്റോറിയമാണ് വിവാഹത്തിനായി തീരുമാനിച്ചതെങ്കിലും ആഡിറ്റോറിയം ലഭിക്കാതായതോടെയാണ് പാണാങ്കരയിലെ വീട്ടിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവായിരുന്നു വരൻ. വീട്ടിൽ നടത്തിയ ചടങ്ങുകളിൽ കൂടുതൽ ആളുകൾ എത്തിച്ചേർന്നതോടെ പങ്കെടുക്കാനെത്തിയവരുടെ എണ്ണം 150ന് അടുത്തെത്തി. വധുവിന്റെ ആൾക്കാരായിരുന്നു പങ്കെടുത്തവരിൽ കൂടുതലും. വിവാഹച്ചടങ്ങിൽ പങ്കെടുത്ത 2 വീഡിയോ ഗ്രാഫർമാർ, വധുവിന്റെ പിതാവ്, ഒരു ബന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തു വിട്ടയച്ചത്. വീട്ടിൽ വിവാഹച്ചടങ്ങുകളിൽ ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.