തിരുവനന്തപുരം: കൊറോണ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴ് ജില്ലകൾ കേന്ദ്ര നിർദ്ദേശ പ്രകാരം അടച്ചിടാൻ തീരുമാനിച്ചെന്ന വാർത്ത സംസ്ഥാന സർക്കാർ നിഷേധിച്ചു.അതേസമയം, ഈ ജില്ലകളിൽ രോഗവ്യാപനം തടയാൻ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുമതി നൽകുന്ന ഉത്തരവ് ഇന്നലെ ചീഫ് സെക്രട്ടറി ടോംജോസ് പുറത്തിറക്കി. പകർച്ചവ്യാധി തടയാനുള്ള 1987 ലെ നിയമം പുനർപ്രാബല്യത്തിൽ വരുത്തുന്ന ഉത്തരവാണിത്. ഇതുപ്രകാരം ഈ ജില്ലകളിൽ നിയന്ത്രണ
നടപടികളെടുക്കാൻ
കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ഏഴ് ജില്ലകൾ ഉൾപ്പെടെ കൊറോണ ബാധയുള്ള രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട് വന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തിൽ നടപടികൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാപാരി വ്യവസായികൾ, ചേംബർ തുടങ്ങിയവയുടെ പ്രതിനിധികളുമായും ആരോഗ്യ,റവന്യൂ വകുപ്പ് മേധാവികളുമായും ചർച്ച നടത്തും.
കാസർഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കും.
ആൾക്കൂട്ടം അനുവദിക്കില്ല,
കളക്ടർമാർക്ക് അധികാരം
സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച്
ഏത് ജില്ലയിലും ഏത് സമയത്തും മുന്നറിയിപ്പില്ലാതെ കർഫ്യൂ,
നിരോധനാജ്ഞ എന്നിവ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകി.
--ഉത്സവം, കല്യാണം, മരണാടിയന്തരം തുടങ്ങി ആളുകൂടുന്ന എന്ത് പരിപാടിയും തടയാം.
--ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവ നിരോധിച്ചു
--പാർക്ക്, ബീച്ചുകൾ, തിയേറ്ററുകൾ, മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നത് നിരോധിച്ചു.
--ആവശ്യമില്ലാതെ സഞ്ചരിക്കുന്നത് കണ്ടാൽ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പനുസരിച്ച് പൊലീസിന് കേസെടുക്കാം. ജയിലിലാക്കാം.
--അവശ്യസർവ്വീസല്ലാത്ത വ്യാപാരങ്ങളും ഇടപാടുകളും നിരോധിക്കാം.
--പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണം.
--മെഡിക്കൽ കോളേജുകളും ആശുപത്രികളും അവിടത്തെ കിടക്കകൾ, മുറികൾ, കൊറോണ പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ, തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ അടക്കമുള്ളവയുടെ കൃത്യമായ വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിട്ടിയുടെ കൊറോണ കൺട്രോൾ റൂമിൽ ലഭ്യമാക്കണം.
--അവശ്യ സാധനങ്ങൾ പൂഴ്‌ത്തിവച്ച് കൃത്രിമക്ഷാമം ഉണ്ടാക്കിയാൽ കർശന നടപടി.
--നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ജില്ലാകളക്ടർക്കും ജില്ലാപൊലീസ് മേധാവിക്കും നടപടിയെടുക്കാം --ഉത്തരവ് അനുസരിക്കാത്തത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്‌ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കി നടപടിയെടുക്കും.
--നിർദ്ദേശങ്ങൾ മാർച്ച് 22 വെളുപ്പിന് 12 മണി മുതൽ പ്രാബല്യത്തിൽ