m

തിരുവനന്തപുരം: പൊലീസുകാരനായ ഈ നടനെ താരങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അവർ ഇദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള വീഡിയോ ഷെയർ ചെയ്ത് കൊറോണ പ്രതിരോധത്തെ കുറിച്ചും പൊലീസിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും ആരാധകരോട് സംവദിക്കുകയും ചെയ്യുന്നു.

പറഞ്ഞു വരുന്നത് കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് പുറത്തിറക്കിയ രണ്ടാമത്തെ വീഡിയോയിവെ നായകൻ ജിബിൻ ജി. നായരെ കുറിച്ചാണ്.

ഇതിനകം വൈറലായ വീഡിയോ മോഹൻലാൽ,​ ദുൽക്കർ സൽമാൻ തുടങ്ങിയ താരങ്ങൾ അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോയിലെ കേന്ദ്രകഥാപാത്രമായ ജിബിൻ ഇരുപതോളം സിനിമകളിൽ ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം നിരവധി സംവിധായകർക്കു മുന്നിൽ നല്ല വേഷങ്ങൾക്കായി എത്തിയിട്ടുണ്ട്. പലരും നൈസായിട്ട് ഒഴിവാക്കിയെന്നു മാത്രം.

കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിച്ചു കീഴ്‌പ്പെടുത്താൻ വരുമ്പോൾ അയാൾ ചെറുത്ത് തോൽപ്പിക്കുന്നതാണ് വീഡിയോയുടെ പ്രമേയം. ആദ്യം വൈറസിനെ ഭയക്കുകയും പിന്നീട് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ അതിനെ തുരത്തുന്നതുമാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രമായ ലൂസിഫറിലെ ഒരു സൂപ്പർ ആക്ഷൻ സീനിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പമാണിത്. 'ഈ കാലവും കടന്നുപോകും. ഇതും നമ്മൾ അതിജീവിക്കും' എന്ന സന്ദേശം കൂടി എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ വീഡിയോ മുന്നോട്ടു വയ്ക്കുന്നു.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയിലും രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയിലും ജിബിനുണ്ട്. കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ അംഗമായ അരുൺ ബി.ടി ആണ് വീഡിയോ സംവിധായകൻ. വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം- രഞ്ജിത്ത്.

കൺട്രോൾറൂമിലെ കോൺസ്റ്റബിൾ ആയ ജിബിൻ കോലിയക്കോട് സ്വദേശിയാണ്. മാദ്ധ്യമ പ്രവർത്തകയായ ഹണിയാണ് ഭാര്യ. ഇരട്ടക്കുട്ടികൾ ഇഷാൻ, ഖയാൽ.