കേരളീയർ ഒട്ടുമിക്ക കാര്യങ്ങളിലും വലിയ നിലവാരം പുലർത്തുന്നവരാണ്. കുളിച്ച് വൃത്തിയായി നല്ല വസ്ത്രം ധരിച്ചു നടക്കുന്നവർ, നല്ലതും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുന്നവർ, നല്ല വിദ്യാഭ്യാസം നേടിയിട്ടുള്ളവർ, അന്തസോടെ ജീവിക്കുന്നവരുമാണ്. പക്ഷെ, എന്തുകൊണ്ടോ ചിലതൊക്കെ മറക്കുന്നു. അഥവാ ചിലതിൽ ശീലക്കുറവുണ്ടാകുന്നു.
ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നത് സ്വാഭാവികം. പക്ഷെ അതുവഴി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എന്തുകൊണ്ടു കഴിയുന്നില്ല. ഒരു തൂവാലയോ, വസ്ത്രത്തിന്റെ തുമ്പോ ഉപയോഗിച്ച് തടയാവുന്നതാണ്.
ഇപ്പോൾ ഡോക്ടർമാർ ഇക്കാര്യം ആവർത്തിച്ചോർമ്മിപ്പിക്കുന്നുണ്ട്. ചാനൽ ചർച്ചകൾ വഴിയും പത്രമാദ്ധ്യമങ്ങൾ ഉപയോഗിച്ചും. എന്നിട്ടും കാര്യമായ ഫലം കാണുന്നില്ല. ചാനൽ ചർച്ചകളിൽ വളരെ ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും ചർച്ചയ്ക്കു കൊണ്ടുവരുന്ന കടലാസു കഷണങ്ങൾ മറിച്ചുനോക്കാൻ ഉമിനീർ തൊടുന്നത്, കണ്ടുകൊണ്ടിരിക്കേണ്ടി വരുന്നു.
വിവാഹ സദ്യയും മറ്റും കഴിഞ്ഞ് കൈ കഴുകുകയും തുപ്പുകയും ചെയ്യുന്നത്, അടുത്തു നിന്നു കഴുകുന്നവർക്ക് യാതൊരു പരിഗണനയും നൽകാതെയാണ്. ശുചിത്വബോധം നഷ്ടമാകുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും വെയ്സ്‌റ്റു ബോക്സ് വച്ചിട്ടുണ്ടെങ്കിലും, വെയ്‌സ്റ്റ് അവയിൽ നിക്ഷേപിക്കുന്നതിനു പകരം പരിസരത്ത് വലിച്ചെറിഞ്ഞു പോകുന്നവരാണ് അധികവും.
നടുറോഡിൽ തുപ്പുന്നതും മൂക്കുചീറ്റുന്നതും സർവസാധാരണമാണ്. പിറകിൽ വരുന്ന യാത്രക്കാർക്ക് യാതൊരു പരിഗണനയും നൽകാതെയാണ് ഈ പ്രവൃത്തി. ബസിൽ ഇരുന്നുപോലും മുറുക്കി തുപ്പുന്നവർ കുറവല്ല. ബീഡിയും സിഗരറ്റും വലിച്ച് മറ്റുള്ളവരുടെ മുഖത്തേക്ക് പുക അയയ്ക്കുന്നവരെ കർശനമായി നിയന്ത്രിച്ചത് കോടതി ഇടപെടലും അതുവഴിയുള്ള സർക്കാർ ഉത്തരവുകളുംവഴി. പൊതുസ്ഥലങ്ങൾ, റോഡുകൾ തുടങ്ങിയവ വൃത്തിഹീനമാക്കുന്നവരെ ആവശ്യമായാൽ നിയമം വഴി നിയന്ത്രിക്കണം.
പൊതുസ്ഥലങ്ങളിൽ പുകവലി നിയന്ത്രിച്ചത് ജനങ്ങൾ ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞു. ഇനി, ഒരു തൂവാല സംസ്കാരമോ ശുചിത്വബോധമോ വളർത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.
മുരളി പെരിങ്ങറ,
വട്ടിയൂർക്കാവ്
മന്ത്രിമാർ ഇങ്ങനെയാകണം
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തിളക്കമാർന്ന പുരോഗതി നേടാൻ മനുഷ്യരാശിക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഉറക്കം കെടുത്തുന്ന വിധത്തിൽ ലോകമെമ്പാടും കൊറോണ വൈറസ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ മാരക രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതെ ശാസ്ത്രലോകം പകച്ചുനിൽക്കുമ്പോൾ കേരളത്തിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഡോക്ടർമാരും നിപ്പാ വൈറസിനെ പിടിച്ചുകെട്ടിയ ഉൾക്കരുത്തോടെ കൊറോണ വൈറ സിനെയും നേരിടാനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോകുകയാണ്. ആരോഗ്യമന്ത്രി എന്ന നിലയിൽ ശൈലജ ടീച്ചർ പകർന്നു തരുന്ന ആത്മവിശ്വാസം അഭിനന്ദനീയമാണ്.
ആർ. പ്രകാശൻ, ചിറയിൻകീഴ്
ഇന്ധന വിലയിൽ പകൽക്കൊള്ള
ഏറ്റവും താഴ്ന്ന നിലയിലേക്കു അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിലിന്റെ വില കൂപ്പുകുത്തിയിട്ടുപോലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഈടാക്കുന്നത് തീവിലയാണ്. ഇതിന് കുടപിടിച്ചുകൊടുക്കുന്ന കേന്ദ്ര സർക്കാർ ഈ രാജ്യത്തെ ജനങ്ങളോട് ചെയ്യുന്നത് നീതീകരിക്കാനാവാത്ത ക്രൂരതയാണ്. ആഗോളതലത്തിൽ എണ്ണവില കഴിഞ്ഞ വർഷത്തിനിടയിൽ വച്ച് ഏറ്റവും കുറഞ്ഞ റേറ്റിൽ എത്തിയിട്ടും ഇന്ത്യയിൽ പകൽക്കൊള്ള തുടരുകയാണ്. കൊറോണപ്പേടിയിൽ ജനങ്ങൾ ഒതുങ്ങിക്കഴിയുമ്പോൾ യാതൊരു കാരണവുമില്ലാതെ പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് അന്യായമായി വർദ്ധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ വർദ്ധിപ്പിച്ചു സർക്കാർ. ലിറ്ററിന് കുറഞ്ഞത് 5 രൂപയെങ്കിലും കുറയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കൂട്ടിയതോടെ വിലക്കുറവിന്റെ ആനുകൂല്യവും ഉപഭോക്താക്കൾക്ക് നഷ്ടമാവുകയാണ്.
എസ്. മനോഹരൻ, കഴക്കൂട്ടം