fire-force-watermist

വർക്കല: തീപിടുത്തം ഉൾപ്പെടെയുളള അപകടങ്ങളുടെ അറിയിപ്പ് ലഭിച്ചാൽ വർക്കലയിൽ അഗ്നിരക്ഷാസേന ഇനി ബുളളറ്റ് മോട്ടോർ സൈക്കിളിലും പാഞ്ഞെത്തും. വർക്കല അഗ്നിരക്ഷാ നിലയത്തിനും വാട്ടർമിസ്റ്റ് ബുളളറ്ര് അനുവദിച്ചു. വലിയ വാഹനത്തിന് കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ വാട്ടർമിസ്റ്റ് ബുളളറ്റിന് കടന്നുചെന്ന് തീ അണയ്ക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. വേനൽകാലം തുടങ്ങിയതോടെ വർക്കലയിൽ അടിക്കടി തീപിടുത്തം പതിവായിരിക്കുകയാണ്. റെയിൽവേ ലൈനിനോട് ചേർന്നുളള കുറ്റിക്കാടുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലെ പുൽകാടുകളിലുമാണ് കുടെക്കൂടെ തീപിടുത്തമുണ്ടാകുന്നത്. ഈ വേനൽകാലത്തുമാത്രം ഇതിനകം വർക്കലയുടെ പലഭാഗങ്ങളിലായി ഒരു ഡസനിലേറെ തീ പിടുത്തങ്ങളുണ്ടായി. വെന്നികോട് കട്ടിംഗിലെ റെയിൽവേ ലൈനിനോട് ചേർന്നുളള കുറ്റിക്കാടിന് മാത്രം അരഡസനോളം പ്രാവശ്യം തീപിടുത്തമുണ്ടായി. ഇവിടെ അഗ്നിരക്ഷാസേനയുടെ വലിയ വാഹനത്തിന് ഇറങ്ങിചെന്ന് തീ അണയ്ക്കാൻ പ്രയാസമാണ്. ഇവിടെ തീ പിടുത്തമുണ്ടായാൽ വലിയ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. എണ്ണടാങ്കറുകളുമായി ഗുഡ്സ് ട്രെയിനുകൾ കടന്നുപോകുമ്പോഴാണ് തീ പിടുത്തമെങ്കിൽ വലിയ അത്യാഹിതം തന്നെ സംഭവിക്കാനിടയുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്തെ കുന്നിൻ മുകളിൽ റസ്റ്റോറന്റുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീപിടിച്ച സംഭവങ്ങളുമുണ്ട്.

വലിയവാഹനത്തിന് കടന്നുചെന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത ഇവിടെ ഇനി വാട്ടർമിസ്റ്റ് ബുളളറ്റിന് എളുപ്പം കടന്നു ചെന്ന് തീ അണയ്ക്കാനും അപകടത്തിന്റെ തീവ്രത കുറയ്ക്കാനും കഴിയും.

പത്ത് ലിറ്റർ വെളളവും ഒരു ലിറ്റർ രാസവസ്തുവും ഇതിൽ നിന്നും പമ്പ് ചെയ്യാൻ കഴിയും. മുക്കാൽ മണിക്കൂർ നേരം ഇത് പ്രവർത്തിപ്പിക്കാം. ബഹുനില കെട്ടിടങ്ങളിലും തീഅണയ്ക്കാനും ഗ്യാസ് സിലിണ്ടർ അപകടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനുമുളള സംവിധാനമുണ്ട്. വർക്കലയിൽ അനുവദിച്ച വാട്ടർമിസ്റ്റ് ബുളളറ്റിന്റെ ഫ്ലാഗ് ഓഫ് കർമ്മം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, സ്റ്റേഷൻ ഓഫീസർ കെ.വി. സുനിൽകുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.