തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ജോലി ക്രമീകരണം ഇന്നലെ നിലവിൽവന്നു. ഓഫീസുകളിൽ പൊതുവേ ജീവനക്കാർ കുറവായിരുന്നു. അയ്യായിരത്തോളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ പകുതിപ്പേരുമെത്തിയില്ല. ട്രെയിൻ സർവീസുകൾ നിറുത്തിവച്ചതിനാൽ അന്യജില്ലകളിൽ നിന്നുള്ളവർ ജോലിക്കെത്തിയില്ല. കെ.എസ്.ആർ.ടി.സി സർവീസുകൾ കുറച്ചതും തിരിച്ചടിയായി. അത്യാവശ്യ ജോലികൾ മാത്രമാണ് ഇന്നലെ നടന്നത്.
അതേസമയം, ആരോഗ്യ, ആഭ്യന്തര വകുപ്പുകളിലെ ജീവനക്കാർക്ക് ആർക്കും അവധി നൽകുന്നില്ല. 31 വരെയാണ് ക്രമീകരണങ്ങൾ. സെക്‌ഷൻ ഓഫീസർ, സൂപ്രണ്ട് വരെ തസ്തികകളിലുള്ള ജീവനക്കാർക്കാണ് ഒന്നിടവിട്ട ദിവസങ്ങളിൽ അവധി. ജോയിന്റ്, അഡിഷണൽ സെക്രട്ടറിമാർക്ക് ഇത് ബാധകമല്ല. ശനിയാഴ്ചകൾ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.
അടിയന്തര സാഹചര്യത്തിൽ മേലധികാരി ആവശ്യപ്പെട്ടാൽ ഓഫീസിലെത്തണമെന്ന് ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യമായ വി.പി.എൻ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്താൻ വകുപ്പുതലവന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും ജീവനക്കാരുടെ വീടുകളിൽ ക്വാറന്റൈൻ (നിരീക്ഷണം) നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവരുണ്ടെങ്കിൽ അത്തരം ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം.
കൊറോണ വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാ സൗകര്യങ്ങളൊരുക്കൽ, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കാനാവശ്യമായ ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, വാർത്താവിതരണം തുടങ്ങിയ അവശ്യ മേഖലകളിലും മറ്റ് അത്യാവശ്യ സേവനങ്ങളിലുമുള്ള ജീവനക്കാർക്ക് താത്കാലിക ക്രമീകരണം ബാധകമല്ല.