ബാലരാമപുരം: സർക്കാരിന്റെ സൗജന്യറേഷൻ വാങ്ങാനെത്തിയവരുടെ തിരക്കിൽ ആരോഗ്യവകുപ്പ് അധികൃതർക്ക് ആശങ്ക. കൊറോണ ഭീതിയായി മാറിയിട്ടും ഗ്രാമീണ മേഖലയിൽ ജനത്തിരക്ക് വീണ്ടും വർദ്ധിക്കുകയാണ്.കഴിഞ്ഞ ദിവസം ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് സമീപം സിവിൽ സപ്ലൈസ് ഔട്ട് ലെറ്റിൽ റേഷൻ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് ബാലരാമപുരം സി.എച്ച്.സിയിലെ ആരോഗ്യവകുപ്പ് പ്രവർത്തകർക്ക് തലവേദനയായി.കൊറോണ മുന്നറിയിപ്പ് കൈമാറിയിട്ടും ജാഗ്രത നിർദ്ദേശമോ സുരക്ഷാ സംവിധാനമോ യാതൊന്നും പാലിക്കാതെയാണ് സപ്ലൈകോക്ക് മുന്നിൽ നീണ്ട തിരക്ക് അനുഭവപ്പെട്ടത്.വരും ദിവസങ്ങളിൽ തിരക്ക് കൂടുന്നതോടെ ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറക്കും.വോളന്റിയേഴ്സിനെ നിയോഗിച്ച് റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കണമെന്ന് നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും ശക്തമായി ആവശ്യപ്പെടുകയാണ്.