മനുഷ്യരാശിയെ വേട്ടയാടുന്ന കൊറോണ മൂന്നാം ഘട്ടമായ സമൂഹവ്യാപനമെന്ന അത്യാപത്തിലേക്കു കടക്കുന്നതു തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്.
രാജ്യത്ത് കൊറോണ ബാധിതമായ എഴുപത്തഞ്ചു ജില്ലകൾ അടച്ചിട്ട് ജനങ്ങളുടെ സമ്പർക്ക സാദ്ധ്യതകൾ പരമാവധി നിയന്ത്രിക്കാനാണു ശ്രമം. കേരളത്തിലെ ഏഴു ജില്ലകളെയും കേന്ദ്ര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള സൗകര്യങ്ങൾക്കായി തിങ്കളാഴ്ച കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കിയിരുന്നില്ല. ട്രെയിൻ സർവീസുകൾ മാർച്ച് 31- വരെ പൂർണമായി നിറുത്തിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഓഫീസുകളിൽഅവശ്യ സർവീസുകളൊഴികെയുള്ളവയെല്ലാം അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണയുടെ സമൂഹവ്യാപനം ഭയക്കുന്ന കാസർകോട്ടും കോഴിക്കോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സ്ഥിതിഗതികൾ നേരിടുന്നത്. പൗരബോധമില്ലാത്ത ചിലരാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിലായിട്ടുപോലും തോന്ന്യവാസത്തിനു മുതിരുന്ന പ്രവാസിയെ മെരുക്കാൻ കർക്കശ നടപടിക്കൊരുങ്ങുകയാണ് അധികൃതർ. ഇതുപോലുള്ളവർ വിചാരിച്ചാൽ കേരളം അപ്പാടെ അടച്ചുപൂട്ടേണ്ട സ്ഥിതിവരും.
രോഗവ്യാപനം തടയുന്നതിന് സംസ്ഥാനം ഒട്ടാകെ അടച്ചിടുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ഐ.എം.എയുടെ നിലപാട്. ഈ ആവശ്യം അവർ സർക്കാർ മുമ്പാകെ വച്ചുകഴിഞ്ഞു. വിദഗ്ദ്ധരുമായി സർക്കാർ അതേപ്പറ്റി ആലോചിച്ചുവരികയാണ്.
വിശപ്പടക്കാൻ അവശ്യസാധനങ്ങൾ കിട്ടാതാകുമോ എന്ന ഭയപ്പാടിലാണ് ജനങ്ങൾ. ഈ ഭീതി കാരണമാണ് കടകളിൽ കിട്ടാവുന്നത്ര സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിരക്കുകൂട്ടുന്നത്. ഈ ഘട്ടത്തിൽ ആത്മവിശ്വാസം ജനിപ്പിച്ച് അവരുടെ ഭീതി ഇല്ലാതാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് മുട്ടുണ്ടാവുകയില്ലെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. ഉറപ്പു മാത്രം പോരാ. അടുത്തുള്ള കടകളിൽ സാധന ലഭ്യത ഉറപ്പാക്കുകയും വേണം. ഉപഭോക്തൃ സംസ്ഥാനമാണ് നമ്മുടേത്. സാധനങ്ങളെല്ലാം വരേണ്ടത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കൊറോണ ഭീതി കാരണം തമിഴ്നാടും കർണാടകയുമെല്ലാം അതിർത്തികൾ അടച്ചതു ചരക്കു വരവിനെ ബാധിച്ചിട്ടുണ്ട്. ചരക്കുലോറികൾ ചെക്ക് പോസ്റ്റുകളിൽ തടയില്ലെന്ന് അയൽ സർക്കാരുകൾ പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ എന്നാണ് കച്ചവടക്കാർ പറയുന്നത്. ഇക്കാര്യം പരിശോധിച്ച് ചരക്ക് വരവ് സുഗമമാക്കാൻ അടിയന്തര നടപടി എടുക്കണം. അതുപോലെ കടകൾ നിശ്ചിത സമയമെങ്കിലും തുറന്നു പ്രവർത്തിക്കുമെന്നും ഉറപ്പാക്കേണ്ടതുണ്ട്.
ഒട്ടുമിക്ക സ്ഥാപനങ്ങളും അടഞ്ഞതോടെ പൊതു യാത്രാവാഹനങ്ങളിൽ യാത്രക്കാർ കുറഞ്ഞുവരികയാണ്. നിയന്ത്രണങ്ങൾ കൂടുതൽ കടുക്കുന്നതോടെ ബസ് സർവീസുകളും പൂർണമായി നിറുത്തേണ്ടിവരും. ഇവിടെയും സാധാരണക്കാരുടെ അത്യാവശ്യ യാത്രകൾക്ക് എന്തെങ്കിലും ഏർപ്പാടുകൾ ചെയ്യേണ്ടതുണ്ട്.
കൊറോണക്കാലത്ത് സാധാരണക്കാരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിൽ മുക്കാൽ പങ്കും കരാറുകാരുടെ കുടിശിക തീർക്കാനാണ്. ശേഷിക്കുന്നത് എത്രയും വേഗം അർഹരായവർക്ക് എത്തിക്കാനാവശ്യമായ നടപടി ത്വരിതപ്പെടുത്തണം. സർവ മേഖലകളെയും ബാധിച്ചിരിക്കുന്ന സാമ്പത്തിക മുരടിപ്പ് സംസ്ഥാനത്തിന്റെ വരുമാന സ്രോതസുകളെയും അതിഗുരുതരമായ നിലയിൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വരുമാനം ഗണ്യമായ നിലയിൽ കുറയുന്നതിനൊപ്പം ചെലവുകളും ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ ദുരന്തം നേരിടാൻ കേന്ദ്ര സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്രതികരണം ഇതുവരെ അറിവായിട്ടില്ല. പ്രളയകാലത്തെപ്പോലെ ഈ ഘട്ടത്തിൽ കേന്ദ്രം മുഖം തിരിക്കരുത്. സഹായം ലഭിക്കുക തന്നെ വേണം. മഹാമാരിക്കെതിരായ പോരാട്ടത്തിന് പണം കൂടിയേ കഴിയൂ. ലോകം തന്നെ പ്രശംസിച്ച പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൊറോണ വ്യാപനത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കർഫ്യൂ കേരളം ഒരേ മനസോടെ നെഞ്ചേറ്റുകയായിരുന്നു. അടിയന്തര ഘട്ടത്തിൽ എല്ലാം മറന്ന് ഒന്നിച്ചു നിൽക്കാൻ കഴിയുമെന്ന് നാം തെളിയിക്കുകയായിരുന്നു. ഇതിനെക്കാൾ തീവ്രമായ പരീക്ഷണ ഘട്ടങ്ങൾ തൊട്ടുമുന്നിൽത്തന്നെയുണ്ടെന്ന കാര്യം ഏവരും ഓർക്കണം. രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും കാണുന്ന വർദ്ധന കൂടുതൽ കരുതലിലേക്കും ജാഗ്രതയിലേക്കും നമ്മെ നയിക്കേണ്ടതാണ്. മുൻകരുതലുകൾ പരമാവധി ശക്തമായിത്തന്നെ തുടരണം. സമൂഹ സമ്പർക്കം പരമാവധി ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള ഏക പ്രതിവിധി. ഓരോ പൗരനും സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കി സർക്കാർ അപ്പപ്പോൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പൂർണ മനസോടെ സ്വീകരിക്കാൻ തയ്യാറായാൽ ഈ ദുരന്ത കാലവും വിജയകരമായി നമ്മൾ അതിജീവിക്കും.