crime

ബാലരാമപുരം: ബാലരാമപുരം -കാട്ടാക്കട റോഡിൽ സ്വയംവര ടെക്സ്റ്റയിൽസ് ഉടമ വടകോട് മാങ്കുളം വീട്ടിൽ വിനോദ് ഭവനിൽ കുട്ടൻ എന്ന് വിളിക്കുന്ന വിനോദിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം വേലിക്കോട് ആർ.സി പള്ളിക്ക് സമീപം ഷാജി നിവാസിൽ ഷാജി (41)​,​ ഊരൂട്ടമ്പലം കിളിക്കോട്ടുകോണം ചിഞ്ചുഭവനിൽ ഉണ്ണിക്കുട്ടൻ (31)​ എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഒളിവിലാണ്. വിനോദിന്റെ കടയിലെ ജീവനക്കാരിയുടെ ഭർത്താവാണ് അറസ്റ്റിലായ ഷാജി. ഷാജിയും ഭാര്യയും പിണങ്ങാൻ കാരണം വിനോദ് ആണെന്ന തെറ്റിദ്ധാരണയിൽ വിനോദിനെ വകവരുത്താൻ ഷാജിയും ബന്ധുവായ ഉണ്ണിക്കുട്ടനും ശ്രമിക്കുകയായി രുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുപ്രസിദ്ധ ഗുണ്ടകളായ മലയിൻകീഴ് സ്വദേശിയായ മുൻ പരിചയക്കാരൻ വഴി മറ്റ് നാലു ഗുണ്ടകൾക്ക് 50000 രൂപയും മറ്റും നൽകാമെന്ന ധാരണയിൽ ഒരാഴ്ച മുമ്പ് ഉണ്ണിക്കുട്ടന്റെ വീട്ടിൽ വിനോദിനെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. വിനോദ് കടയിൽ വരുന്നതും പോകുന്നതും ഗുണ്ടകൾ നിരീക്ഷിച്ചിരുന്നു. ഗുണ്ടകളിൽ ഒരാളായ ചക്ക സന്തോഷിനെ വധശ്രമക്കേസിൽ നേമം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. മറ്റ് പ്രതികളും നിരവധി അടിപിടിക്കേസുകളിലെ പ്രതികളാണ്. ഭാര്യ ഉപേക്ഷിച്ചുപോയ ഉണ്ണിക്കുട്ടൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ആളൊഴിഞ്ഞ പ്രദേശത്താണ് ഉണ്ണിക്കുട്ടന്റെ വീട്. കൃത്യം നടക്കുന്നതിന് മുമ്പ് അക്രമികൾ നിരവധി തവണ ഇവിടെ വന്നുപോയിരുന്നു. മദ്യപാനവും അനാശാസ്യവുമുൾപ്പെടെ ഇവിടെ നടന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 15 ന് രാത്രി 9.45 നാണ് വിനോദിനെ ആക്രമിച്ചത്. ഇതിനായി ഷാജിയുടെ വക ഹീറോഹോണ്ട ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റുകയും ചെയ്തു. രണ്ട് ബൈക്കുകളിലായി എത്തിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ആദ്യ ബൈക്ക് സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് വിനോദ് രക്ഷപ്പെടുകയാണെങ്കിൽ പിന്നാലെ ബൈക്കിലുള്ളവർ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്നായിരുന്നു പദ്ധതിയിട്ടത്. രണ്ട് ബൈക്കിന്റെയും നമ്പർ പ്ലേറ്റ് ഇതിനായി ഇളക്കിമാറ്റിയാണ് വിനോദിനെ പിൻതുടർന്ന് ശാന്തിപുരത്തിന് സമീപം വച്ച് ആക്രമിച്ചത്. മുതുകിലും കൈയിലും വെട്ടുകത്തി കൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സമീപത്തെ സൂപ്പർമാർക്കറ്റിലേക്ക് ഓടിരക്ഷപ്പെട്ട വിനോദിനെ വീണ്ടും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് കടയുടമ എത്തിയതോടെ അക്രമികൾ വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ മരത്തിൽ ബൈക്കിടിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ബൈക്കിന്റെ താക്കോൽ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് ബലമേകി. സിസി ടിവി ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാതെയായിരുന്നു പൊലീസിന്റെ ഊർജിത അന്വേഷണം. മൂന്ന് ടീമുകളായി പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേത്യത്വത്തിൽ സി.ഐ ജി.ബിനു,​ എസ്.​ഐ വിനോദ് കുമാർ തങ്കരാജ്,​ ഗ്രേഡ് എസ്.ഐ മാരായ സാജൻ,​ പുഷ്പരാജ്,​ ഭുവനചന്ദ്രൻ,​ ഗ്രേഡ് എസ്.ഐ പ്രശാന്ത്,​ എസ്.സി.പി.ഒ അനികുമാർ,​ സി.പി.ഒ മാരായ ബിജു,​ ശ്രീകാന്ത്,​ അനിൽ ചിക്കു,​ സജിത്ത് ലാൽ,​ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ ജയിലിൽ കഴിയുന്ന ചക്ക സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ ജി.ബിനു അറിയിച്ചു.