corona-virus-
CORONA VIRUS

തിരുവനന്തപുരം: കൊറോണ വ്യാപനം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ, അടിയന്തര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകളും മറ്റും മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം വന്നിട്ടും പല സ്വകാര്യ ആശുപത്രികളും അതിനു തയ്യാറാകുന്നില്ല. കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ സ്വകാര്യ ആശുപത്രികളിലും കൊറോണ വാർഡുകൾ സജ്ജീകരിക്കേണ്ടതുണ്ട്.

വന്ധ്യതാ ചികിത്സ, ഗർഭാശയം നീക്കൽ, മുഴ നീക്കൽ, മുട്ട് മാറ്രിവയ്ക്കൽ, ഹെർണിയ ഓപ്പറേഷൻ തുടങ്ങിയവ സ്വകാര്യ ആശുപത്രികളിൽ ഇപ്പോഴും നടക്കുന്നു. കോസ്‌മെറ്റിക് ചികിത്സയും പ്ളാസ്റ്റിക് സർജറിയും വരെ തുടരുന്നു. അതേസമയം, ലോകത്തെ പ്രമുഖ രാജ്യങ്ങളൊക്കെ ഇത്തരം ചികിത്സ നിറുത്തി കൊറോണ പ്രതിരോധത്തിന്റെ പിറകേയാണ്.

ബ്രിട്ടീഷ് ഫെർട്ടിലിറ്രി സൊസൈറ്രി ആവശ്യപ്പെട്ടതനുസരിച്ച് അവിടെ വന്ധ്യതാ ചികിത്സ നിറുത്തിക്കഴിഞ്ഞു. ഐ.വി.എഫ്, ഐ.യു.ഐ, ഓവ്യുലേഷൻ ഇ‌ൻഡക്‌ഷൻ തുടങ്ങിയ ചികിത്സകളാണ് നിറുത്തിയത്. ബ്രിട്ടനിൽ ജീവൻ രക്ഷാ, അടിയന്തര ചികിത്സാ ഒ.പികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. യൂറോപ്യൻ യൂണിയനിൽ വന്ധ്യതാ മേഖലയിലെ പ്രൊഫഷണൽ സംഘടനയായ ഇ ഷെയറും ഇതേ നിലപാടിലാണ്. ഇന്ത്യയിലെ വന്ധ്യതാ ചികിത്സാ രംഗത്തെ ദേശീയ സംഘടനയാ ഫോഗ്സിയും ആദ്യം ഇതേ സമീപനമെടുത്തെങ്കിലും ചികിത്സ നടത്തുന്നതിനെ എതിർക്കുന്നില്ല.

കേരളത്തിലെ വന്ധ്യതാ ചികിത്സ

 ഒരു മാസം ശരാശരി 1500 പേർക്ക് ചികിത്സ

 ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ചെലവ്

"ബ്രിട്ടനിൽ 23 ശതമാനം പേരും 65 വയസിന് മുകളിലുള്ളവരാണ്. ഇറ്രലിയിലാണെങ്കിൽ ടൂറിസമാണ് പ്രധാന തൊഴിൽ. കൊറോണ വ്യാപനത്തിൽ ഈ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യാൻ കഴിയില്ല. ചികിത്സ നിറുത്തിവച്ചാൽ സാമ്പത്തിക നഷ്ടം ചികിത്സ തേടുന്നവർക്കാണ്.

- ഡോ.ഫെസി ലൂയിസ് (വന്ധ്യതാ ചികിത്സകൻ)

കേന്ദ്ര സർക്കാർ നിർദ്ദേശം

 അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും നീട്ടിവയ്ക്കണം

 എല്ലാ ആശുപത്രിയും ഐസോലേഷൻ വാർഡിനായി കുറച്ചു കിടക്കകൾ മാറ്രിവയ്ക്കണം

 ആശുപത്രികൾ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ അധികമായി വാങ്ങി സൂക്ഷിക്കണം

 ഓക്സിജൻ മാസ്ക്, വെന്റിലേറ്രർ തുടങ്ങിയവ ഒരുക്കിവയ്ക്കണം

 വലിയ കുഴപ്പമില്ലാത്ത രോഗികൾക്ക് വിടുതൽ നൽകണം

 ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരൻ മാത്രം