വെഞ്ഞാറമൂട്: സംസ്ഥാനത്ത് കൊറോണ സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളവരെ കർശന നിരീക്ഷണത്തിന് വിധേയരാക്കാൻ സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തോടെ അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പതിനായിരം കിടക്കകൾ സർക്കാർ ഏറ്റെടുത്ത് വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരെ ആശുപത്രി നിരീക്ഷണത്തിൽ കൊണ്ടുവരണം. അതിനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കണം. സാമൂഹികവ്യാപനം തടയാൻ ഇതനിവാര്യമാണ്. സ്വകാര്യ ആശുപത്രികൾ ഈ ദൗത്യം സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുക്കണം.കൊറോണ വ്യാപനപ്രതിരോധത്തിൽ കേരളം കാട്ടുന്ന മാതൃകാപരമായ ജാഗ്രത സാമൂഹിക വ്യാപനം തടയുന്നതിലും തുടരണം-. അദ്ദേഹം ആവശ്യപ്പെട്ടു.