നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ യാത്രക്കാരിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ബസ് കണ്ടക്ടറും ഡ്രൈവറും ശ്രദ്ധേയരായി. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് മാരായമുട്ടം വഴി ചെമ്പൂരിലേക്ക് പോയ ബസിലെ യാത്രക്കാരിക്ക് അമരവിള ചെക്ക് പോസ്റ്റ് കഴിഞ്ഞതും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ , കണ്ടക്ടർ നിഷ.കെ.നായർ ഡ്രൈവർ പി.കെ.സന്തോഷിനെ കാര്യം അറിയിച്ചു. ഉടനടി ബസ് തിരിച്ച് ഹൈവേയിലേക്ക് പോവുന്നത് ശ്രമകരവും സമയനഷ്ടവും ആകുമെന്നതിനാൽ ബസ് മരങ്ങാലി ക്ഷേത്ര റോഡ് വഴി ജനറൽ ആശുപത്രി ഭാഗത്തേക്ക് തിരിച്ചുവിടുകയായിരുന്നു.

ബസ് മരങ്ങാലി ഗുരുസ്വാമി ക്ഷേത്രം - കോടതി റോഡ് വഴി ഹെഡ് ലൈറ്റിട്ട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പാഞ്ഞത് അമ്പരപ്പോടെ നാട്ടുകാർ നോക്കി നിന്നു. കണ്ടക്ടർ നിഷ വിവരം സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും, പോലീസ് സ്റ്റേഷനിലും അറിയിച്ചു.തുടർന്ന് യാത്രക്കാരിയായ കീഴാറൂർ സ്വദേശിനി ശ്യാമള ബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, ബന്ധുക്കളെ ഫോണിലൂടെ വിവരം അറിയിച്ചു.ശ്യാമളയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചേർന്ന ശേഷമാണ് ബസ് യാത്രക്കാർക്കൊപ്പം സർവ്വീസ് തുടർന്നത്. സേവനത്തിനിടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച നിഷ.കെ.നായർ, പി.കെ.സന്തോഷ് എന്നിവരെ യൂണിറ്റ് ഓഫീസർ പള്ളിച്ചൽ സജീവ് അഭിനന്ദിച്ചു.