തിരുവനന്തപുരം: ഉപയോഗിച്ച മാസ്‌കുകൾ പൊതുസ്ഥലത്ത് വലിച്ചെറിയരുത്. ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. മാലിന്യം എന്നതിലുപരി ഉപയോഗിച്ച മാസ്‌കുകൾ രോഗാണുവാഹികൾ കൂടിയാണ്. ഉപയോഗിച്ച മാസ്‌കുകൾ കത്തിച്ചുകളയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മാസ്‌കുകൾ ഉപേക്ഷിക്കണമെന്നുണ്ടെങ്കിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ നഗരസഭ സജ്ജീകരിച്ചിരിക്കുന്ന ബാസ്‌കറ്റുകളിൽ നിക്ഷേപിക്കാം. ആറ് മണിക്കൂ‌ർ വരെയാണ് ഒരു മാസ്‌ക് ഉപയോഗിക്കേണ്ടത്. ആറ് മണിക്കൂറിലധികം ഓരേ മാസ്ക് ധരിക്കുന്നതും സുരക്ഷിതമല്ല. കഴുകി ഉണക്കി ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌കുകൾ ധരിക്കുന്നത് ഡിസ്‌പോസിബിൾ മാസ്‌കുകൾ വലിച്ചെറിയുന്നതിന് പരിഹാരമാകും. പൂജപ്പുര സെൻട്രൽ ജയിൽ, അട്ടക്കുളങ്ങര വനിതാ ജയിൽ, നഗരസഭ, കുടംബശ്രീ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ തുണി മാസ്കുകൾ തയ്യാറാക്കുന്നുണ്ട്.