നെടുമങ്ങാട്: കൊറോണ ഭീതി മറയാക്കി ഓൺലൈൻ വഴി ഫേസ് മാസ്‌ക് തട്ടിപ്പ്. 999 രൂപ വിലയുള്ള ഒരു പാക്കറ്റ് മാസ്‌ക് 90 ശതമാനം വിലക്കുറവിൽ വെറും 99 രൂപയ്‌ക്ക് ലഭിക്കുമെന്നായിരുന്നു ഓഫർ. പ്രചാരണത്തിൽ വിശ്വസിച്ച് പണമടച്ചവർക്ക് വെറും രണ്ടു മാസ്‌ക് മാത്രം അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തുന്നത്. 100 മാസ്‌കിന് 198 രൂപ അടച്ച നെടുമങ്ങാട് സ്വദേശി തപാലിൽ ലഭിച്ച രണ്ട് മാസ്‌ക് സഹിതം പൊലീസിൽ പരാതി നൽകി. ന്യൂഡൽഹി കേന്ദ്രമായുള്ള ക്ളബ് ഫാക്ടറി എന്ന സ്ഥാപനത്തിന്റെ പേരിലാണ് വ്യാപക തട്ടിപ്പ്. ഓൺലൈനിൽ പ്രചാരം നേടിയിട്ടുള്ള മാസ്‌കിന് നൂറുകണക്കിന് ആളുകളാണ് ഇതിനകം പണമടച്ച് ഓർഡർ നൽകിയിട്ടുള്ളത്. തട്ടിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കണമെന്നാണ് ആവശ്യം.