തിരുവനന്തപുരം: കൊറോണ സമൂഹവ്യാപന സാദ്ധ്യത ശക്തമായതോടെ 31 വരെ കേരളം അടച്ചിടാൻ (സമ്പൂർണ ലോക് ഡൗൺ) സർക്കാർ തീരുമാനിച്ചു. അതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടിയെടുക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നലെ മാത്രം 28 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് തീരുമാനം.
ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും. സംസ്ഥാന അതിർത്തികളെല്ലാം അടച്ചിടും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളുമടക്കം പൊതുഗതാഗത സംവിധാനമുണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പ്, പാചകവാതക വിതരണം, ആശുപത്രികൾ എന്നിവ പൂർണ തോതിൽ പ്രവർത്തിക്കും.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. കാസർകോട്ട് ഇത് 11- 5 മണിയാണ്. മെഡിക്കൽ സ്റ്റോറുകൾക്ക് സമയ നിയന്ത്രണമില്ല.
സർക്കാർ ഓഫീസുകളിൽ സുരക്ഷാ ക്രമീകരണം ഉറപ്പാക്കും. ആവശ്യമായ ജീവനക്കാർ മാത്രം മതിയെന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കും. ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകളെല്ലാം നിറുത്തും.
റസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കരുത്. ഹോം ഡെലിവറി അനുവദിക്കും. ആളുകൾ വലിയ തോതിൽ പുറത്തിറങ്ങരുത്. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങിയാൽ ശാരീരിക അകലം പാലിക്കണം.
വെള്ളം, വൈദ്യുതി, ടെലിഫോൺ, ഭക്ഷ്യസാധനങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കാനാവശ്യമായ നടപടി ജില്ലാ കളക്ടർമാർ സ്വീകരിക്കും.
ബാറിലെ മദ്യപാനമില്ല
ബാറുകളിൽ പോയിരുന്ന് മദ്യപിക്കാനാവില്ല. കൗണ്ടർ വില്പന അനുവദിക്കും. ബിവറേജസ് വില്പനശാലകൾ അടയ്ക്കില്ല. പ്രതിപക്ഷത്തിന്റെ വിമർശനത്തെപ്പറ്റി ചോദ്യമുയർന്നപ്പോൾ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രിയുടെ ട്വീറ്റ് മുഖ്യമന്ത്രി വായിച്ചു: അവിടെ അവശ്യസാധനങ്ങളുടെ പട്ടികയിലാണ് മദ്യത്തെ പറഞ്ഞിരിക്കുന്നത്. ബിവറേജസ് മദ്യം നിറുത്തലാക്കിയാൽ വേറെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത് ഒട്ടേറെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
മാദ്ധ്യമപ്രവർത്തകർക്ക്
മുൻകരുതൽ വേണം
മാദ്ധ്യമപ്രവർത്തനവും ദുഷ്കരമാവുകയാണ്. വാർത്തകൾ ശേഖരിക്കാൻ സൗകര്യം നൽകും. മാദ്ധ്യമപ്രവർത്തകർ മുൻകരുതൽ സ്വീകരിക്കണം. മാദ്ധ്യമ മേധാവികളുമായി ഇന്ന് വീഡിയോ കോൺഫറൻസിംഗ് നടത്തി തീരുമാനങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റ് പ്രഖ്യാപനങ്ങൾ
മൈക്രോ ഫിനാൻസ് പണപ്പിരിവ് രണ്ട് മാസത്തേക്ക് പാടില്ല
കാസർകോട്ട് അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്കും 14 ദിവസത്തെ നിരീക്ഷണം
അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കും