തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 562 പേർ നിരീക്ഷണത്തിലായെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. 5,434 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. മെഡിക്കൽ കോളേജിൽ 30,​ ജനറൽ ആശുപത്രി 15,​ എസ്.എ.ടി ആശുപത്രി - 4,​ പേരൂർക്കട ജില്ലാ ആശുപത്രി,​ കിംസ് എന്നിവിടങ്ങളിലായി ഓരോരുത്തർ എന്നിങ്ങനെ 51 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 95 യാത്രക്കാരെയും ആഭ്യന്തര വിമാനത്താവളത്തിൽ 56 പേരെയും സ്ക്രീനിംഗിന് വിധേയരാക്കി. രണ്ടിടങ്ങളിലുമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 17 പേരെ ആശുപത്രികളിലേക്ക് മാറ്റി. തിരുവനന്തപുരം സെൻട്രൽ,​ പേട്ട, നേമം, കഴക്കൂട്ടം, കൊച്ചുവേളി, വർക്കല, പാറശാല റെയിൽവേ സ്റ്റേഷനുകളിലെത്തിയ 858 പേരെ സ്‌ക്രീൻ ചെയ്‌തു. തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം,​ കന്നുമാമൂട് എന്നിവിടങ്ങളിൽ ആകെ 8407 ബസ് യാത്രക്കാരെയും സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 18 പേരെ ആശുപത്രികളിലാക്കി.

ആറ്റിങ്ങലിൽ 146 പേർ നിരീക്ഷണത്തിൽ

രോഗലക്ഷണങ്ങളുള്ള 146 പേരാണ് ആറ്റിങ്ങലിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരു പട്ടാളക്കാരനെ പനി ഉയർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഇന്നുമുതൽ ടെസ്റ്റിംഗ് സെന്റ‍ർ പ്രവർത്തനം ആരംഭിക്കും. നഗരസഭയുടെ ആഭിമുഖ്യത്തിൽ സാനിറ്റൈസർ നിർമ്മാണവും മാസ്‌ക് നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വന്നശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും. ജനമൈത്രി പൊലീസ്, ആശാ വർക്കർമാർ, ചുമതലപ്പെട്ട ആരോഗ്യ പ്രവർത്തകർ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ മദ്യവുമായി ബിവറേജസ് ഗോഡൗണിലേക്ക് വരുന്ന വാഹനങ്ങൾ ദിവസങ്ങളോളം ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നത് നിരോധിച്ചു. ഇവിടെ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളെല്ലാം മാമം ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആറ്റിങ്ങലിലെ വിവിധ ചന്തകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. മാമം കന്നുകാലിച്ചന്തയിൽ മാടുകളെ വില്പനയ്‌ക്കെത്തിച്ചവരെ നഗരസഭയുടെ ആരോഗ്യവിഭാഗമെത്തി തിരിച്ചയച്ചു. പാർവതീപുരം ഗ്രാമത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ചന്തയും പ്രവർത്തനം നിറുത്തി.

ആശങ്ക വേണ്ട കളക്ടർ

തിരുവനന്തപുരം: കൊറോണ രോഗവുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി. അവശ്യസാധന ലഭ്യതയ്ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും കളക്ടറേറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ ബെഡുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവയുടെയെല്ലാം ലിസ്റ്റുകൾ എടുത്തിട്ടുണ്ട്. അവശ്യ സർവീസുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഗ്ലൗസുകൾ, മാസ്‌ക് എന്നിവ ധരിക്കണം. രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർ ആവശ്യമായ നിർദ്ദേശങ്ങൾ പാലിക്കണം. മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവ പൂഴ്‌ത്തിവയ്‌ക്കുകയോ ഉയർന്ന വിലയ്ക്ക് വിൽക്കുകയോ ചെയ്‌താൽ മെഡിക്കൽ സ്റ്റോർ ഉടമകൾക്കെതിരെ നടപടിയുണ്ടാകും. അവശ്യസാധനങ്ങൾ വില്പന നടത്താൻ മടിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകളും റെയ്ഡുകളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

---------------------------------------
ആകെ നിരീക്ഷണത്തിലുള്ളത് - 5485

വീടുകളിൽ - 5434

ആശുപത്രികളിൽ - 51

ഇന്നലെ മാത്രം നിരീക്ഷണത്തിലായത് - 562