photo

നെടുമങ്ങാട്: കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ നാല്പതിലേറെ സർവീസുകൾ റദ്ദാക്കി. പതിവായുള്ള 63 ഷെഡ്യൂളിൽ 22 എണ്ണം മാത്രമാണ് ഇന്നലെ നിരത്തിൽ ഓടിച്ചത്.10 ഫാസ്റ്റ് സർവീസിൽ നാലെണ്ണം ഓപ്പറേറ്റ് ചെയ്തപ്പോൾ ആകെയുള്ള 5 സൂപ്പർ ഫാസ്റ്റും ഗ്യാരേജിൽ ഒതുക്കി. ബോണക്കാട്, ബ്രൈമൂർ, ഉണ്ടപ്പാറ തുടങ്ങി സെറ്റിൽമെന്റ് -ബൈറൂട്ട് സർവീസുകൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളുവെന്ന് ഡി.ടി.ഒ സുരേഷ്‌കുമാർ അറിയിച്ചു. ഓൺലൈൻ റിസർവേഷൻ പൂർണമായി റദ്ദാക്കി. എന്നാൽ,പതിവ് യാത്രക്കായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി യാത്രികരാണ് ഇന്നലെയും ബസ് സ്റ്റാൻഡിൽ എത്തിയത്. പൊലീസും ആരോഗ്യ പ്രവർത്തകരും ഇടപെട്ട് നിരവധി പേരെ പിന്തിരിപ്പിച്ചു. അത്യാവശ്യ യാത്രക്കാരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. അന്താരാഷ്ട്ര വേൾഡ് മാർക്കറ്റിന്റെയും റവന്യു ടവറിന്റെയും പ്രവർത്തനവും നിശ്ചലമായി.