തിരുവനന്തപുരം: വെള്ളനാട് സർവീസ് സഹകരണ ബാങ്കിന്റെ ഉടസ്ഥതയിലുള്ള 75-ലേറെ വർഷങ്ങളുടെ പഴക്കമുള്ള മൺ കെട്ടിടം എത്രയും വേഗം പൊളിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. മുമ്പ് വളം ഡിപ്പോ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പിന്നീട് ജീർണാവസ്ഥയിലായതെന്ന് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ ഭിത്തികൾ പൊളിഞ്ഞ നിലയിലാണ്. കെട്ടിടം പൊളിച്ചുകളയാൻ സഹകരണ സംഘം രജിസ്ട്രാർ ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബാങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലില്ലാത്തതിനാൽ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല. പുതിയ ഭരണസമിതി പ്രവർത്തനം തുടങ്ങിയാൽ കെട്ടിടം പൊളിച്ചു മാറ്റാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്ന സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാൻ ബാങ്കിന് നിർദ്ദേശം നൽകണമെന്ന് കമ്മിഷൻ നെടുമങ്ങാട് സഹകരണ സംഘം രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.