തിരുവനന്തപുരം: ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കി ജനറൽ ആശുപത്രി. നിരീക്ഷണത്തിലുള്ളവർക്ക് പഴവർഗങ്ങൾ അടക്കമുള്ള പോഷക സമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. പത്രം, മാഗസിൻ, ആവശ്യമായ ടൂത്ത്ബ്രഷ്, സോപ്പ്, ടവൽ എന്നിവയും ലഭ്യമാക്കും. 29 ഐസൊലേഷൻ വാർഡുകളാണ് ജനറൽ ആശുപത്രിയിലുള്ളത്. അറ്റാച്ച് ചെയ്‌ത ശുചിമുറികളുള്ളവയാണ് എല്ലാം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രോഗ ലക്ഷണങ്ങളുള്ളവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരാണെങ്കിൽ ആംബുലൻസിൽ വീടുകളിലെത്തിക്കും. നിലവിൽ 16 പേരാണ് ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ഇവർക്കായി ഡോക്ടർമാർ, നഴ്സുമാർ, ഹൗസ് സർജൻസ് മുതൽ ശുചീകരണ ജീവനക്കാർ വരെ ഒറ്റ ടീമായി പ്രവർത്തിക്കുന്നുണ്ട്. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജെ. പത്മലതയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊറോണ ഒ.പിയുമായി ചേർന്ന് തന്നെ ഫാർമസിയും പ്രവർത്തിക്കുന്നുണ്ട്. രോഗികൾക്ക് ഒരു മീറ്റർ അകലം പാലിക്കാൻ കഴിയുന്ന രീതിയിലാണ് ക്യൂ സിസ്റ്റം പുനഃക്രമീകരിച്ചിട്ടുള്ളത്. കൈ കഴുകാനുള്ള സൗകര്യവും ഹാൻഡ് സാനിറ്റൈസർ, മാസ്‌ക് എന്നിവയും ഒ.പിയിലെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുണ്ട്.