kovalam

കോവളം: മുക്കോല കാരോട് ബൈപാസ് സർവീസ് റോഡിൽ കോഴി വേസ്റ്റുകയറ്റിവന്ന ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുർഗന്ധം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 7 ഓടെയായിരുന്നു സംഭവം. പാറശാല ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്ത ലോറിയിലാണ് വേസ്റ്റ് എത്തിച്ചത്. പ്രഭാത സവാരിയ്ക്ക് ഇതുവഴി പോയവരാണ് ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതും വിഴിഞ്ഞം പൊലീസിനെ അറിയിച്ചതും. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വാഹനം ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം സ്ഥലത്തു നിന്നു മാറ്റാതെ വന്നപ്പോൾ നഗരസഭ കൗൺസിലർ സന്തോഷിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധവും ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇതേ ലോറിയെ അതിർത്തിയ്ക്ക് സമീപം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നതായും ഡ്രൈവർക്കും ലോറി ഉടമയ്‌ക്കെതിരെയും കേസുടുത്തിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ലോറിയെ എങ്ങനെ വിട്ടുനൽകിയതിനെ സംബന്ധിച്ചുള്ള വ്യക്തത ആർക്കുമറിയില്ല.