പാറശാല: കൊറോണ വ്യാപനത്തിനെതിരെ കളിയിക്കാവിളയിൽ അതിർത്തി അടച്ച് തമിഴ്‌നാട്. കേരളത്തിൽ നിന്ന് എത്തുന്നതും കേരള രജിസ്ട്രേഷനിലുള്ളതുമായ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളൊന്നും തമിഴ്‌നാട്ടിലേക്ക് കടത്തി വിടുന്നില്ല. എന്നാൽ തമിഴ്‌നാട്ടിൽ നിന്നു എത്തുന്ന ഇരു സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനിലെ വാഹനങ്ങളെയും കേരളത്തിലേക്ക് കടത്തി വിടുന്നത് തിരികെ പ്രവേശിപ്പിക്കില്ല എന്ന താക്കീതോടെയുമാണ്.
അതിർത്തികൾ താമസിക്കുകയും വാഹനങ്ങളിൽ എത്തുന്നതുമായ ഇരു സംസ്ഥാനങ്ങളിലെയും ജീവനക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും അന്തർ സംസ്ഥാന ട്രാൻസ്‌പോർട്ട് സർവീസുകൾ കഴിഞ്ഞ ദിവസം മുതൽ തന്നെ നിറുത്തി വച്ചതിനാൽ ഇപ്പോൾ കളിയിക്കാവിള വരെയുള്ള കേരള ബസുകൾ ഇഞ്ചിവിളയിൽ യാത്ര അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. തമിഴ്‌നാട്ടിലേക്ക് പോകുന്നതിനായി വിവിധ വാഹനങ്ങളിലും കേരള ബസുകളിലുമായി എത്തുന്ന യാത്രക്കാർ ഇഞ്ചിവിള മുതൽ കളിയിക്കാവിള വരെ നടന്ന് എത്തിയ ശേഷം അതിർത്തിയിലെ തമിഴ്നാടിന്റെ വൈദ്യ പരിശോധന കഴിഞ്ഞിട്ടേ യാത്ര തുടരാനാകൂ. എന്നാൽ ചരക്ക് വാഹനങ്ങളെ കേരളത്തിലേക്ക് കടത്തി വിടുന്നുണ്ട്. തമിഴ്നാട്ടിലേക്ക് തിരികെ എത്തുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും ചരക്ക് വാഹങ്ങളെയും ആരോഗ്യ പ്രവർത്തകർ അണുവിമുക്തമാക്കിയതിന് ശേഷമേ കടത്തി വിടുകയുളൂ. കന്യാകുമാരിയിൽ കൊറോണ സ്ഥിരീകരിച്ചതായി ആരെയും കണ്ടെത്താത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നു പകരുന്നത് എങ്ങനെയും തടയുക എന്ന മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ ശക്തമാക്കി തുടരുന്നതെന്നാണ് തമിഴ്നാട് അധികൃതർ നൽകുന്ന മറുപടി. നടപടികളുടെ ഭാഗമായി അതിർത്തി പ്രദേശമായ കളിയിക്കാവിളയിലെ മാർക്കറ്റ് പൊലീസ് അടച്ചുപൂട്ടി. തമിഴ്നാട്ടിൽ സംസ്ഥാനത്താകെ ഇന്ന് വൈകിട്ട് ആറ് മണി മുതൽ മാർച്ച് 31 വരെ നിയന്ത്രണമുള്ളതിനാൽ അവശ്യ സാധനങ്ങൾ വേണ്ടത് നേരത്തെ തന്നെ കരുത്തേണ്ടതാണെന്നും പറയുന്നു.