തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ ക്ഷേമപെൻഷൻ ഈ മാസം 31നകം വീടുകളിൽ എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തി ക്ഷേമപെൻഷൻ വിതരണം നടത്തും. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് സഹകരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് നിർദ്ദേശം.
നിരീക്ഷണത്തിൽ കഴിയുന്നവർ അവശ്യസാധനങ്ങൾ ഫോണിലൂടെ ആവശ്യപ്പെട്ടാൽ കൺസ്യൂമർ ഫെഡറേഷൻ നീതി സ്റ്റോറുകൾ മുഖാന്തരം ഇവ വീടുകളിൽ എത്തിക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇന്ന് മുതൽ ഇത്തരത്തിൽ വിതരണം ആരംഭിക്കും. നീതി മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളും ലാബുകൾ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളും തുടർന്നും നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കും.
സഹകരണ ബാങ്കുകളിലെ വായ്പക്കാർക്ക് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി നിർദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മോറട്ടോറിയം അനുവദിക്കും. എന്നാൽ കാലങ്ങളായി തിരിച്ചടയ്ക്കാത്തവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പാ കുടിശികക്കാർക്കെതിരെ ജപ്തി നടപടികളുണ്ടാവില്ല.
എല്ലാ സ്ഥാപനങ്ങളിലും ഹാൻഡ് സാനിറ്റൈസർ, കൈ കഴുകുവാനുളള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാർ കൗണ്ടറുകളിൽ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ക്രമീകരണം നടത്തും. പൊതുജനങ്ങൾ കൂടുതലായി പങ്കെടുക്കുന്ന എം.ഡി.എസ്/ജി.ഡി.എസ് ലേലം, അദാലത്തുകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യും. ദിവസനിക്ഷേപ പിരിവുകാർ കൊറോണ നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചുള്ള കളക്‌ഷൻ നടത്തില്ലെന്നും മന്ത്രി പറഞ്ഞു.