വെഞ്ഞാറമൂട്: നാട്ടിലെത്തിയ വിവരം പി.എച്ച്.സി അധികൃതരെ അറിയിച്ചതിന് ആശാവർക്കറെ പ്രവാസി മർദ്ദിച്ചു. പരിക്കേറ്റ വാമനപുരം പഞ്ചായത്തിലെ ആനാകുടി പി.എച്ച്.സി ആശാവർക്കർ എൽ.എസ്. ലിസി (37) വാമനപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. വാമനപുരം കരിംകര പൂവത്തൂർ എസ്.വി. ഭവനിൽ വിഷ്‌ണുവാണ് ലിസിയെ മർദ്ദിച്ചത്. കഴിഞ്ഞ 9ന് സൗദിയിൽ നിന്നും വിഷ്‌ണു നാട്ടിലെത്തിയ വിവരം ലിസി പി.എച്ച്.സിയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആരോഗ്യ പ്രവർത്തകരെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ വിഷ്‌ണു മദ്യപിച്ച് ലിസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മക്കളുടെ മുന്നിലിട്ട് ലിസിയെ മർദ്ദിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.