കാട്ടാക്കട: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന നിലക്ക് കാട്ടാക്കട പബ്ലിക്ക് മാർക്കറ്റ് തിങ്കളാഴ്ചയും വ്യാഴാഴ്ചയും തുറന്നു പ്രവർത്തിക്കില്ല എന്നു അറിയിപ്പുണ്ടായിട്ടും തിങ്കളാഴ്ച രാവിലെ മുതൽ ചന്തയ്ക്കു മുന്നിലും പരിസരത്തും കച്ചവടക്കരുടെയും ഉപഭോക്താക്കളുടെയും വലിയ തിരക്ക്. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ സ്ഥിരം തിരക്കാണ് അനുഭവപ്പെട്ടത്. മാർക്കറ്റ് അടച്ചുപൂട്ടിയെങ്കിലും റോഡിൽ കൂട്ടം കൂടുന്നതറിഞ്ഞ് ഹോം ഗർഡും സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസും കൂട്ടം പിരിച്ചു വിടാനും കൊറോണ പ്രതിരോധ നിർദ്ദേശങ്ങളെ കുറിച്ച് പറഞ്ഞെങ്കിലും ആളുകൾ പിൻമാറാൻ തയ്യാറായില്ല. ഒടുവിൽ കാട്ടാക്കട ഇസ്‌പെക്ടർ ഡി.ബിജുകുമാർ സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. പലതവണ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ആൾക്കട്ടത്തിന് ശമനമുണ്ടായത്. അതേ സമയം ചന്തക്ക് സമീപത്തെ ചില സ്ഥാപനങ്ങൾ വില്പന സാധനങ്ങൾ ചെറുകിട കച്ചവടക്കാരിൽ നിന്നും വാങ്ങി അമിതവിലക്ക് വില്പന നടത്തുന്നതായി ആരോപണം ഉയർന്നു. ഇവിടെയും വൻ ജനത്തിരകയിരുന്നു. ഒടുവിൽ പൊലീസ് ഇടപെട്ടതോടെയാണ് ആളുകൾ പിരിഞ്ഞു തുടങ്ങിയത. സന്നദ്ധ സംഘടകളും ഓട്ടോ തൊഴിലാളികൾ ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകളും ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നിരന്തര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനം നൽകി വരുന്നുണ്ട്. എങ്കിലും പ്രധാന ചന്തകളിലും പരിസരത്തും ആളുകൾ തിക്കി തിരിക്കുകയാണ്. ഇതു കൊറോണ വ്യാപനം ചെറുക്കുന്നതിന് തടസമാകുന്നു.