തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ മാത്രം 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 25 പേരും ദുബായിൽ നിന്നെത്തിയവരും മറ്റുള്ളവർ നാട്ടിൽ ഇവരുമായി അടുത്ത് ഇടപഴകിയവരുമാണ്. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 91 ആയി.
കാസർകോട് -19, കണ്ണൂർ - 5, പത്തനംതിട്ട - 1, എറണാകുളം - 2, കോഴിക്കോട് - 2, തൃശൂർ - 1 എന്നിങ്ങനെയാണ് ഇന്നലെ വൈറസ് ബാധിച്ചവരുടെ കണക്ക്. രണ്ടാംഘട്ടത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി രോഗമുക്തി നേടി ആശുപത്രി വിട്ടു.
64320 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 63937 പേർ വീടുകളിലും 383 പേർ ആശുപത്രികളിലുമാണ്. 122 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11,794 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 4291 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2987 പേരുടെ ഫലം നെഗറ്റീവാണ്.
നിരീക്ഷണത്തിനിടെ
പുറത്തുവന്നാൽ അറസ്റ്റ്
നിരീക്ഷണത്തിലുള്ളവർ നിർദേശം ലംഘിച്ചാൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകി. ഇവരുടെ മൊബൈൽ ഫോൺ നെറ്റ് വർക്ക് നിരീക്ഷിക്കും. പുറത്തിറങ്ങുന്നത് മനസിലാക്കാനാണിത്. ഇവരുടെ വിവരം അയൽവാസികളെയും അറിയിക്കും. പുറത്തിറങ്ങുന്നത് കണ്ടാൽ അധികൃതരെ അറിയിക്കണം. ഉംറ കഴിഞ്ഞും വിദേശത്ത് നിന്നും എത്തി റിപ്പോർട്ട് ചെയ്യാത്തവർ ഉടൻ അറിയിക്കണം. ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിക്കുന്നവർക്കും പൊലീസിനെ അറിയിക്കാം.