
തിരുവനന്തപുരം: ട്രെയിനുകൾ നിലച്ചതോടെ ഇന്നലെ യാത്രക്കാർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് ഇടിച്ചു കയറിയത് ആശങ്ക വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതിനു ശേഷവും മനസുറപ്പോടെ ബസുകളിൽ കർമ്മനിരതരായ ജീവനക്കാരെയും ഇത് ഭയപ്പാടിലാക്കി. തൊഴിലാളി സംഘടനകൾ കൂടുതൽ ബസിറക്കി പ്രശ്നം പരിഹരിക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സർവീസിന്റെ എണ്ണം കൂട്ടിയെങ്കിലും തിരക്ക് കുറയ്ക്കുന്നതിന് പര്യാപ്തമായില്ല.
ട്രെയിൻ ഇല്ലാത്ത സാഹചര്യത്തിൽ കടകളിലും തൊഴിൽശാലകളിലുമൊക്കെ ജോലിക്കു പോകുന്നവർ ബസുകളെ ആശ്രയിക്കുമെന്ന ധാരണയില്ലാതെ ബസ് സർവീസ് വെട്ടിക്കുറയ്ക്കുകയാണ് ഇന്നലെ ഓപ്പറേഷൻസ് വിഭാഗം ചെയ്തത്. 5300 സർവീസുകളിൽ 1250 എണ്ണമേ രാവിലെ ആരംഭിച്ചിരുന്നുള്ളൂ. എല്ലാ ബസുകളിലും യാത്രക്കാർ നിറഞ്ഞു കവിഞ്ഞു. ബസ് കിട്ടാത്തവരുടെ പരാതി വകുപ്പ് മന്ത്രിയുടെ ഓഫീസിലും എം.ഡിയുടെ മുന്നിലും എത്തി. തുടർന്ന് സർവീസുകൾ 2100 ആയി വർദ്ധിപ്പിക്കുകയായിരുന്നു.
ഇന്നലെ തലസ്ഥാനത്തേക്ക് വന്ന ഒരു ബസിൽ 104 യാത്രക്കാരാണുണ്ടായിരുന്നത്. രോഗവ്യാപനം തടയാനുള്ള സുരക്ഷിത അകലം യാത്രക്കാർ കുത്തിനിറഞ്ഞ ബസുകളിൽ പാലിക്കാൻ കഴിയാതെയായി.