corona-virus-

തിരുവനന്തപുരം: 28 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച റിപ്പോർട്ട് ഇന്നലെ വൈകിട്ട് നാലിന് ലഭിക്കുകയും പല ജില്ലകളിലും രോഗബാധ എത്തുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായത്. രാവിലെ ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിൽ കാസർകോട് ജില്ലയെ അടച്ചിടാനും മറ്റ് മൂന്ന് ജില്ലകളിൽ നിയന്ത്രണം കർക്കശമാക്കാനുമാണ് ആലോചിച്ചത്. എന്നാൽ വൈകിട്ടത്തെ അവലോകനയോഗത്തിലെ ചർച്ചയോടെ തീരുമാനം മാറ്റി.

കൊറോണ സമൂഹവ്യാപനം തടയുന്നതിൽ അടുത്ത മൂന്ന്- നാല് ദിവസം അതീവ നിർണായകമാണെന്നാണ് മന്ത്രിസഭായോഗം നിരീക്ഷിച്ചത്. കൊറോണ ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും മലബാർ മേഖലയിൽ വ്യാപകമായി പുറത്തിറങ്ങി നടക്കുകയും ഒളിച്ചുകളിക്കുകയും ചെയ്യുന്നു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവർ ദാക്ഷിണ്യമില്ലാതെ മറ്റ് ജില്ലകളിലും പെരുമാറുന്നതായി കണ്ടെത്തി. ഇത്തരക്കാരെ വീട്ടിനകത്ത് തന്നെ നിർബന്ധിതമായി പാർപ്പിച്ചില്ലെങ്കിൽ അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകും. അതുകൊണ്ട് സംസ്ഥാനം അടച്ചിടുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വൈകിട്ട് ചേർന്ന യോഗം വിലയിരുത്തി. ഒമ്പത് ജില്ലകൾ അടച്ചിടാനുള്ള തീരുമാനം വൈകിക്കരുതെന്ന കേന്ദ്ര നിർദ്ദേശവും പരിഗണിക്കപ്പെട്ടു.

ഇന്നലത്തെ രോഗികളുടെ കണക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അവലോകനയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് ചർച്ച വഴിമാറിയത്. പുതുതായി റിപ്പോർട്ട് ചെയ്തവരിൽ 25 പേരും വിദേശത്ത് നിന്നെത്തിയവരായതിനാൽ കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്ന് തന്നെയാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി രാവിലെ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതി കൈവിട്ട് പോകാം. രണ്ടോ മൂന്നോ ദിവസം കൊണ്ട് രോഗവ്യാപനം തടയാനുള്ള വഴികളെപ്പറ്റിയായിരുന്നു ആലോചന. എന്നാൽ എല്ലാ ജില്ലകളും അടച്ചിടുന്നത് ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. അങ്ങനെയാണ് കാസർകോട് മാത്രം അടച്ചിടാനും മറ്റിടങ്ങളിൽ നിയന്ത്രണത്തിനും തീരുമാനിച്ചത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് പൊതുഗതാഗതം പാടില്ലെന്നും സ്വകാര്യവാഹനങ്ങൾ കർശന പരിശോധനകളോടെ കടത്തിവിടാമെന്നും രാവിലെ തീരുമാനിച്ചു.

ബെവ്കോയും പൂട്ടിയാൽ

വരുമാനത്തെ ബാധിക്കും

സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്താണ് ബാറുകൾ അടച്ചിട്ടത്. കെ.സി.ബി.സി പോലുള്ള സംഘടനകളും ഈയാവശ്യമുന്നയിച്ചിരുന്നു. ലോട്ടറി വില്പന നിറുത്തിയതിന് പുറമേ ബിവറേജസുമടച്ചാൽ സർക്കാരിന്റെ വരുമാനത്തെ ബാധിക്കും. അതിനാൽ ക്യൂ കോംപ്ലക്സ് ഉൾപ്പെടെ തയാറാക്കി അവ തുറക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. പൂർണമായി മദ്യവില്പന തടഞ്ഞാൽ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിലയിരുത്തി. കാസർകോട്ട് ബെവ്കോ വില്പനശാലകളുമടച്ചിടും.