തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5477. അതിൽ 5426 പേർ വീടുകളിലും 52 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ മാത്രം 22 പേരാണ് ജില്ലയിൽ പുതുതായി ചികിത്സ തേടിയത്. ജില്ലയിൽ നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യ നില പൂർണ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിൽ പുറത്തുവന്ന പരിശോധനാഫലങ്ങൾ നെഗറ്റീവായിരുന്നു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തലസ്ഥാനത്തും അതീവ ജാഗ്രതയാണ് തുടരുന്നത്. പൊലീസ് പട്രോളിംഗ് റോഡിലുടനീളം സജീവമായി തുടരുന്നുണ്ട്. അനാവശ്യമായി കൂട്ടം കൂടുന്നവരെയും വാഹനവുമായി പുറത്തിറങ്ങുന്നവരെയും വീടുകളിലേയ്ക്ക് പൊലീസ് തിരിച്ചയക്കുകയാണ്. അവശ്യ സർവ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകുന്നുണ്ട്. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അഞ്ച് മണി വരെയാണ് പ്രവർത്തനം. ഭക്ഷണം, പാനീയം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നുണ്ട്. പാൽ, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിലുണ്ട്.
തിരുവനന്തപുരം അതിർത്തിയായ കളിയിക്കാവിള ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് ചെക്കിംഗ് നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഇന്നലെ രാത്രിതന്നെ സർവീസ് അവസാനിപ്പിച്ചിരുന്നു. ആട്ടോ, ടാക്സികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണങ്ങളോടെ സർവീസിന് അനുമതിയുണ്ട്. ടാക്സി വാഹനങ്ങൾ ഉപയോഗിക്കാമെങ്കിലും ഡ്രൈവറടക്കം രണ്ട് പേരെ മാത്രമേ വാഹനത്തിൽ അനുവദിക്കൂ. സ്വന്തം വാഹനമാണങ്കിലും അവശ്യ സർവീസിൽപ്പെടുന്ന യാത്രകളേ പാടുള്ളൂവെന്ന കർശന നിർദ്ദേശം ജില്ല പൊലീസ് മേധാവി പുറപ്പെടുവിച്ചിട്ടുണ്ട്.