തിരുവനന്തപുരം: കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും സമ്പൂർണ ലോക്ക് ഡൗണുൾപ്പെടെയുള്ള സർക്കാർ തീരുമാനങ്ങൾ കർശനമായി നടപ്പാക്കാനും കൂടുതൽ പൊലീസിനെ നിയോഗിക്കും. കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനും മതിയായ പൊലീസില്ലാത്ത സാഹചര്യത്തിലാണ് സ്പെഷ്യൽ യൂണിറ്റുകളിൽ നിന്ന് ഓഫീസർമാരുൾപ്പെടെ മുഴുവൻ പേരെയും നിയോഗിക്കാൻ തീരുമാനിച്ചത്.
ഹോം ഐസൊലേഷനിലുള്ളവരെ നിരീക്ഷിക്കുക, വിലക്ക് ലംഘിക്കുന്നവരെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കുക, ഐസൊലേഷനിൽ കഴിയുന്നവർക്കാവശ്യമായ സഹായങ്ങൾ നൽകുക, കടകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുക, ജില്ലാ അതിർത്തികളിലും മറ്റും പരിശോധന കർശനമാക്കുക, നിരോധനാജ്ഞ പോലുള്ള കടുത്ത നടപടികൾ നിലവിലുള്ള സ്ഥലങ്ങളിൽ അതിനാവശ്യമായ പൊലീസ് സഹായം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ പൊലീസിനെ ആവശ്യമായ സാഹചര്യത്തിലാണ് വിജിലൻസ്, ക്രൈംബ്രാഞ്ച് യൂണിറ്റുകളിൽ നിന്ന് ഓരോ ജില്ലയിലേക്കും ആവശ്യമായ പൊലീസുദ്യോഗസ്ഥരെ നിയോഗിക്കുന്നത്.
ബാറുകൾ അടച്ച സാഹചര്യത്തിൽ എക്സൈസിനോടും തികഞ്ഞ ജാഗ്രത പുലർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്താൻ ബിവറേജസ് വിൽപ്പനശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിരോധിത സ്പിരിറ്റോ വിഷമദ്യമോ വിറ്റഴിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കർശന പരിശോധനയ്ക്കാണ് നിർദേശമുള്ളത്. ബിവറേജസ് ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർ കൊറോണ വ്യാപനം തടയുന്നതിനുള്ള സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ബിവറേജസ് ജീവനക്കാർക്കും നിർദേശമുണ്ട്. അനധികൃത മദ്യക്കച്ചവടം തടയുന്നതിനും ക്ഷാമം ഒഴിവാക്കുന്നതിനും അളവിൽ കൂടുതൽ മദ്യം ബിവറേജസ് വിൽപ്പനശാലകളിൽ നിന്ന് വിതരണം ചെയ്യാൻ പാടില്ലെന്നും ബെവ്കോ വിൽപ്പനശാലകളെ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഇത് ഉറപ്പാക്കാൻ പൊലീസും- എക്സൈസും സംയുക്ത പരിശോധന നടത്തും. അനധികൃതമായി മദ്യം വിറ്റഴിക്കുന്നതായി വിവരം ലഭിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദേശം.
അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള വാഹനങ്ങൾ അതിർത്തികളിൽ പരിശോധിക്കുന്നതിനും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ സഹായിക്കാൻ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായിട്ടുണ്ട്.