ലണ്ടൻ: കൊറോണ ലോകത്താകെ ഭീതിവിതച്ചുകൊണ്ട് മുന്നേറുകയാണ്. എന്നാൽ, പേടിപ്പെടുത്തുന്ന ഈ കൊറോണ ബ്രിട്ടീഷുകാരുടെ സ്വഭാവം അടിമുടിമാറ്റിയെന്ന് റിപ്പോർട്ട്. നേരത്തെ ജീവിക്കാനുള്ള പെടാപ്പാടിനായി നെട്ടോട്ടമായിരുന്നു. വീട്ടിലെത്തുന്നത് ഉറങ്ങാൻവേണ്ടി മാത്രമായിരുന്നു. ഒന്നിനും സമയം കിട്ടിയിരുന്നില്ല. കുട്ടികൾ ഏതുക്ലാസിൽ പഠിക്കുന്നു എന്നുപോലും അറിയാത്ത അവസ്ഥ. എന്നാൽ അടച്ചിടൽ നടപ്പാക്കിയതോടെ എല്ലാം മാറിമറിഞ്ഞു. വീട്ടിലിരിക്കാൻ ഇഷ്ടംപോലെ സമയം. അപ്രതീക്ഷിതമായി കിട്ടിയ ഇൗ അവസരം എല്ലാവരും നന്നായി ഉപയോഗിക്കുന്നുമുണ്ട്.
കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനാണ് രക്ഷിതാക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നത്.
മുൻ ഫുട്ബാൾ താരം വെയിൻ റൂണിയെപ്പോലുള്ള സെലിബ്രിറ്റികളും ഇക്കൂട്ടത്തിലുണ്ട്. ഒാൺലൈൻവഴി പഠനം തുടരും എന്നുപറയുന്നുണ്ടെങ്കിലും അതൊന്നും ഇതുവരെ പൂർണതോതിൽ പ്രാവർത്തികമായിട്ടില്ല. ഇൗ അവസ്ഥയിൽ രക്ഷിതാക്കളുടെ പഠിപ്പിക്കൽ കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. രക്ഷിതാക്കളുടെ സ്നേഹം കിട്ടുന്നതിനാൽ കുട്ടികളും സന്തോഷത്തിലാണ്.
അടച്ചിടൽ എന്നവസാനിക്കുമെന്ന് വ്യക്തതയില്ലാത്തതിനാൽ കിട്ടുന്ന ഒാരോമണിക്കൂറും കാര്യക്ഷമമായി ഉപയോഗിക്കാനാണ് ബ്രിട്ടീഷുകാരുടെ മറ്റൊരു തീരുമാനം. ഇതിനായി കൂടുതൽപേരും കൃത്യമായ ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് അണുവിട വ്യതിചലിക്കില്ല. സോഷ്യൽ മീഡിയയെയും മദ്യപാനത്തെയും പലരും പടിക്കുപുറത്താക്കിയിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങൾ നീക്കിയാലും കാര്യങ്ങൾ ഇതുപോലെ കൊണ്ടുപോകാനാണ് പലർക്കും താത്പര്യം.