
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പരോൾ അനുവദിക്കുന്നതിനുള്ള കണക്കെടുപ്പ് തുടങ്ങി. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലാണ് കൂടുതൽ തടവുകാർ തിങ്ങി കഴിയുന്നത്. ഇതിൽ കൊടുംക്രൂര കൃത്യങ്ങൾ ചെയ്യാത്തവരെയും പരോൾ നൽകിയാൽ കുഴപ്പമില്ലെന്ന് ബോദ്ധ്യമാകുന്നവരെയും കണ്ടെത്തുന്നതിനുള്ള കണക്കെടുപ്പാണ് നടക്കുന്നത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന പലരും ഈ ലിസ്റ്റിൽ കടന്ന് കൂടാനുള്ള ശ്രമമാണ്.
ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഏഴു വർഷംവരെ ശിക്ഷ ലഭിച്ചവർക്കും തടവിൽ കഴിയുന്നവർക്കും പരോൾ നൽകാമെന്നാണ് സുപ്രിംകോടതി നിർദ്ദേശം. സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടിയുമായി ആലോചിച്ചാണ് പരോൾ നൽകുന്നത്. എന്നാൽ ജയിൽ ചട്ടങ്ങൾ അനുസരിച്ച് അനുസരണയോടെ കഴിഞ്ഞു വരുന്നവർക്ക് മാത്രമേ പരോൾ ലഭിക്കുകയുള്ളൂ. അതേസമയം പരോളിൽ ഇറങ്ങാൻ താത്പര്യമില്ലാത്തവരുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെന്ന് കയറാൻ വീടില്ലാത്തവരും ബന്ധുക്കൾ സ്വീകരിക്കാനില്ലാത്തവരുമാണ് പുറത്തിറങ്ങാൻ മടിക്കുന്നത്. എന്നാൽ പുറത്തിറങ്ങാൻ വേണ്ടി നല്ല പിള്ള ചമയുന്നവരുമുണ്ട്.
തടവുകാർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ആറ് ആഴ്ചവരെ പരോൾ അനുവദിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്.
പരോൾ നൽകാത്തവർക്ക് ബന്ധുക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുന്നതിനുള്ള അവസരവും ഒരുക്കുകയാണ്. ഇങ്ങനെ അവസരമൊക്കുമെന്ന് സംസ്ഥാന ജയിൽ അധികൃതർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാരുടെ ഭാര്യ, അച്ഛൻ, അമ്മ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കാം. എന്നാൽ ജയിൽ അധികൃതരുടെ സാന്നിദ്ധ്യത്തിലായിരിക്കും വീഡിയോ കോൺഫറൻസിംഗ്. സാധാരണ. തടവുകാർക്ക് ആഴ്ചയിലൊരിക്കൽ ജയിലിലെ ലാൻഡ്ഫോണിൽ നിന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ വീടുകളിലേക്ക് വിളിച്ച് സംസാരിക്കാനുള്ള സംവിധാനമുണ്ട്. അതേ മാതൃകയിലാണ് വീഡിയോ കോൺഫറൻസിംഗ് എന്ന് ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
തിഹാർ ജയിലിൽ നിന്ന് 3,000 തടവുകാരെ മൂന്ന് ദിവസത്തിനുള്ളിൽ മോചിപ്പിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് സംസ്ഥാന ജയിലുകളിലും പരോൾ അനുവദിക്കുന്നത്. തീഹാർ ജയിലിൽ 1500 ഓളം തടവുകാർക്ക് പരോളോ അല്ലെങ്കിൽ താത്കാലിക വിടുതലോ നൽകും.
തടവുകാർക്ക് പരോൾ നൽകാമെന്ന് തീരുമാനിക്കുന്നത് ആഭ്യന്തര സെക്രട്ടറി, ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ്.
രാജ്യത്ത് 1339 ജയിലുകളിലായി 4.66 ലക്ഷം തടവുകാരാണുള്ളത്. ജയിലുകളുടെ ശേഷിയെക്കാൾ കൂടുതലാണ് (117.6 ശതമാനം) തടവുകാരുടെ എണ്ണം. ഉത്തർപ്രദേശിൽ 176.5 ശതമാനവും സിക്കിമിൽ 157.3 ശതമാനവുമാണ് ജയിൽ ശേഷിയെക്കാൾ തടവുകാർ നിറഞ്ഞിരിക്കുന്നത്.