mosh

വാഷിംഗ്ടൺ: കൊറോണ അല്ല എന്തുവന്നാലും അവസരം കിട്ടുമെങ്കിൽ അടിച്ചുമാറ്റിയിരിക്കും. അമേരിക്കയിലെ അരിസോണയിൽ ഒരു ക്ലിനിക്കിൽ നിന്ന് മോഷ്ടാവ് അടിച്ചുമാറ്റിയത് ഇരുപത്തൊമ്പത് പരിശോധനാ കിറ്റുകളാണ്. മാർച്ച് ഇരുപതിന് നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പൊലീസ് പുറത്തുവിട്ടു. അപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഡെലിവറി വാനിന്റെ ഡ്രൈവർ എന്ന വ്യാജേനയാണ് മോഷ്ടാവ് എത്തിയത്. വാനിലുണ്ടായിരുന്ന സാധനങ്ങൾ ക്ലിനിക്കിനുള്ളിൽ എത്തിക്കാനെന്ന നാട്യത്തിൽ ഇയാൾ അകത്തുകയറുകയും കിറ്റുകൾ അടിച്ചുമാറ്റി കടക്കുകയുമായിരുന്നു. അല്പസമയം കഴിഞ്ഞാണ് മോഷണവിവരം അധികൃതർ അറിയുന്നത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിന് പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിച്ചാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

മോഷണംപോയ കിറ്റുകൾ മാത്രം ഉപയോഗിച്ച് രോഗബാധ തിരിച്ചറിയാനാവില്ലെന്നും ആരെങ്കിലും കിറ്റ് വിൽക്കാൻ സമീപിച്ചാൽ വാങ്ങരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.