mask-

തിരുവനന്തപുരം: കൊറോണ ഭീതിയ്ക്കിടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്‌കരണം കീറാമുട്ടിയാകുന്നു. കൊറോണ ജാഗ്രതാ മുന്നറിയിപ്പ് സർക്കാർ നൽകിയ സമയം മുതൽ പൊതുജനങ്ങൾ സംസ്ഥാനത്തുടനീളം മാസ്‌കുകളും കൈയുറകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഉപയോഗ ശേഷം വലിച്ചെറിയുന്ന മാസ്‌കുകളും കൈയുറകളും എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. ശാസ്ത്രീയമായി ഇവ സംസ്കരിക്കുന്നതിനുള്ള യാതൊരു സംവിധാനവും സംസ്ഥാനത്തെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമില്ല. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനമുണ്ട്. എന്നാൽ, ആശുപത്രി വളപ്പിലേക്ക് മാലിന്യങ്ങളുമായി എത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കാകില്ല.

ഇപ്പോൾതന്നെ ഉപേക്ഷിച്ച മാസ്കുകൾ റോഡരികിൽ മറ്റു മാലിന്യങ്ങൾക്കൊപ്പം പലയിടങ്ങളിലും കാണുന്നുണ്ട്. ഇങ്ങനെ മെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര ആരോഗ്യ‑പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതും കൈകാര്യം ചെയ്ത് അനുഭവപരിചയമുള്ളവരുടെ അഭാവവുമാണ് മിക്ക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പമാണ് സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്ലാന്റിലേക്കു മാസ്കുകളും കൈയുറകളും അടക്കമുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ ചെന്നെത്തുന്നത്.

നഗരങ്ങളിൽ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ ഫ്ളാറ്റുകളിൽ കഴിയുന്നവർ തരംതിരിച്ചു വയ്ക്കുന്ന മാലിന്യം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ കൊണ്ടുപോവുകയാണ് പതിവ്. ജൈവ മാലിന്യങ്ങൾക്കൊപ്പമാണ് മലിനമാക്കപ്പെട്ട മാസ്കുകൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ പേപ്പറിൽ പൊതിഞ്ഞ് നിക്ഷേപിക്കുന്നത്. വീടുകളിൽ താമസിക്കുന്നവർ എല്ലാം ഒരുമിച്ച് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്യുന്നത്. ഇതെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികൾ പറഞ്ഞത്. പ്ലാസ്റ്റിക് കൂടുകളിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ വഴിയരികിൽ തള്ളുന്നതും അപകടമാണ്. തെരുവു നായ്ക്കളും മറ്റും ഇവ കടിച്ചുകീറി പുറത്തിടുന്നത് രോഗവ്യാപനത്തിനിടയാക്കും.

മാലിന്യം കൈകാര്യം ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്കും വലിയ ഭീഷണിയാണ് ഈ ബയോ മെഡിക്കൽ മാലിന്യങ്ങൾ. ഇത്തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ശുചീകരണ തൊഴിലാളികൾക്ക് ബോധവത്കരണവും പരിശീലനവും നൽകണമെന്ന ആവശ്യവും ശക്തമാണ്. വീടുകളിൽ നീരീക്ഷണത്തിൽ കഴിയുന്നവർ ഉപേക്ഷിക്കുന്ന മാലിന്യം ഏറ്റെടുക്കുന്നതും വെല്ലുവിളിയായി തീർന്നിരിക്കുകയാണ്.

''എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും വാർഡ് തലത്തിൽ റാപ്പിഡ് റെസ്‌‌പോൺസിബിൾ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് വാർഡിലെ ഹരിത കർമ്മസേനകൾ. അവർ വീടുകളിലേക്ക് പോകുമ്പോൾ മാസ്കുകൾ കഴുകി നല്ല വെയിലത്തിട്ട് ഉണക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേക സ്ഥലങ്ങൾ കണ്ടുപിടിച്ച് അവ സംസ്കരിക്കണമെന്ന നിർദ്ദേശവും അവർക്ക് നൽകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആരോഗ്യ പ്രവർത്തകരോടും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ടുണ്ട്. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട മാസ്കുകളെയും കൈയുറകളെയും സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ വകുപ്പ് തലത്തിൽ തീരുമാനിക്കും.

എ.സി മൊയ്‌തീൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി