ചെന്നൈ: രാജ്യത്ത് കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) സിനിമ സെൻസറിംഗ് നിറുത്തിവച്ചു. ഒമ്പത് റീജിയണൽ ഓഫീസുകൾ അടച്ചിടണമെന്ന് സി.ബി.എഫ്.സി ചെയർമാൻ പ്രസൂൺ ജോഷി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സെൻസറിംഗ് നടന്നുകൊണ്ടിരിക്കുന്നവ ഉൾപ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിംഗ് നിറുത്തിവയ്ക്കാനാണ് ഉത്തരവിലെ നിർദേശം.
മുംബയ്, ഡെൽഹി, കൊൽക്കത്ത, ഗുവാഹത്തി, കട്ടക്ക്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റീജിയണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടത്തെ ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തകർക്ക് ഓരോ റീജിയണൽ ഓഫീസുമായും ബന്ധപ്പെടാനുള്ള നമ്പറുകളും മെയിൽ ഐഡിയും ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 31ന് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമേ സി.ബി.എഫ്.സി ഓഫീസുകളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.