വർക്കല: വർക്കല മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിൽ ടാർഭാഗം കഴിഞ്ഞുള്ള താഴ്ച അപകടം വരുത്തുന്നതായി കാൽ നടയാത്രക്കാരുടെ പരാതി. വർക്കല ടൗണിലെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമാണ് അപകടം പതിയിരിക്കുന്നത്. തിരക്കുള്ള സമയത്ത് വാഹനങ്ങൾ സൈഡ് നൽകുമ്പോൾ വാഹനം കുഴിയിൽ വീഴുന്നതും ഇവിടെ പതിവാണ്.
റോഡിന്റെ മിക്ക ഭാഗത്തും ടാർ ഭാഗം കഴിഞ്ഞാൽ വലിയ താഴ്ചയാണ്. ടാറിംഗ് ചെയ്യുന്ന അവസരത്തിൽ റോഡിന്റെ പാർശ്വ ഭാഗങ്ങളിൽ മണ്ണ് നിറച്ച് പ്രതലം സമാന്തരം ആക്കുന്നതിൽ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം.
അമിത വേഗതയിൽ ചീറിപാഞ്ഞ് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന അവസരത്തിൽ ഇരുചക്രവാഹന യാത്രക്കാരും കുഴിയിൽ അകപ്പെട്ട് പരിക്കേൽക്കുന്നതും പതിവ് കാഴ്ചയാണ്.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ കാൽ നടയാത്രക്കാർ റോഡിലൂടെയാണ് നടക്കുന്നത്. പെട്ടെന്ന് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരുന്ന അവസരത്തിൽ കാൽ നടക്കാർ റോഡിൽ നിന്നും കുഴിയിലേക്ക് ഇറങ്ങേണ്ടിവരുന്നുണ്ട്.
റോഡിന്റെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തുന്നതിന് നഗരസഭയും പൊതുമരാമത്ത് വകുപ്പും ഒരും നടപടിയും സ്വീകരിക്കുന്നില്ല.