കേരളം ഉൾപ്പെടെ ഇരുപത്തൊന്നു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഷട്ട് ഡൗണിലായതോടെ ഭൂരിപക്ഷം പേരും വീടുകളിലൊതുങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ രോഗികളുടെ പട്ടികയിൽ മുപ്പതുപേർ കൂടി ഉൾപ്പെട്ടു. നിരീക്ഷണത്തിലായവരുടെ സംഖ്യയിലും അതനുസരിച്ചുള്ള വർദ്ധന കാണാം. ഗതാഗത മാർഗങ്ങൾ പലതും പൂർണമായി അടഞ്ഞതോടെ രോഗവ്യാപന സാദ്ധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. രോഗഭീതിക്കിടയിലും ജനങ്ങളെ ഉത്കണ്ഠാഭരിതരാക്കുന്ന ജീവിതയാഥാർത്ഥ്യങ്ങൾ ഏറെയുണ്ട്. അവയിൽ പ്രധാനം അവശ്യസാധനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. കടകളുടെ പ്രവർത്തന സമയം സർക്കാർ നിർണയിച്ചുകഴിഞ്ഞു. അതിൽ കുഴപ്പമില്ല. തുറന്നു വയ്ക്കുന്ന കടകളിൽ സാധനങ്ങളുടെ സ്റ്റോക്ക് തിങ്കളാഴ്ച ഒറ്റദിവസം കൊണ്ട് തീർന്ന അവസ്ഥയാണുണ്ടായത്. ചരക്കുനീക്കത്തിന് സംസ്ഥാനാന്തര അതിർത്തികളിൽ വിലക്കൊന്നുമില്ലെന്നാണ് അധികാരികൾ പറയുന്നത്. യാഥാർത്ഥ്യം അതല്ലെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ അടിയന്തരമായി ഇടപെടേണ്ട രംഗമാണിത്. പൊലീസ് അകമ്പടിയോടെയെങ്കിലും ചരക്കുവണ്ടികളുടെ സുഗമമായ യാത്ര ഉറപ്പാക്കിയേ പറ്റൂ. സംസ്ഥാനത്ത് കർശനമായ യാത്ര നിയന്ത്രണം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ജനതാ കർഫ്യൂ ദിനത്തിലെന്നതുപോലെ യാത്രാ നിയന്ത്രണവുമായും ആളുകൾ പൂർണമായി സഹകരിക്കണം. ഒഴിവാക്കാനാകുന്ന എല്ലാ യാത്രയും കുറച്ചുദിവസത്തേക്കു നിർബന്ധമായും വേണ്ടെന്നു വയ്ക്കണം. നിരോധനാജ്ഞയുള്ള ജില്ലകളിൽ അകാരണമായി പുറത്തിറങ്ങുന്നവരെ പിന്തിരിപ്പിക്കാൻ പൊലീസ് ഇടപെടുന്ന സാഹചര്യം സൃഷ്ടിക്കരുത്. നിയന്ത്രണം ലംഘിക്കാൻ മുതിർന്നവരിൽ ചിലർ ഇന്നലെ കാസർകോട്ട് പൊലീസുമായി സംഘർഷമുണ്ടാക്കാൻ തുനിഞ്ഞു. സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കാത്തതുകൊണ്ടാണിത്. പിടിച്ചാൽ പിടികിട്ടാത്ത തലത്തിലേക്ക് കാര്യങ്ങൾ പോകാതിരിക്കാൻ കാസർകോട് ഉൾപ്പെടെ ഏതാനും ജില്ലകളിൽ അതികർക്കശമായ നിയന്ത്രണങ്ങൾ കൂടിയേ തീരൂ. ഏതാനും പേരുടെ അഹങ്കാരവും കരുതലില്ലായ്മയും കാരണമാണ് ജില്ല ഒട്ടാകെയുള്ളവർ ഇന്ന് ഈ ദുരിതം നേരിടേണ്ടിവന്നത്. അവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതൊന്നും ആരും ചെയ്തുകൂടാത്തതാണ്. ആപത്തിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസവും സമാധാനവും നൽകേണ്ടതിനു പകരം ഭയപ്പാട് സൃഷ്ടിക്കുന്നതും അടിസ്ഥാനമില്ലാത്തതുമായ കള്ളക്കഥകൾ പടച്ചുവിടുന്നതിൽ സാമൂഹ്യമാദ്ധ്യമങ്ങളിലെ വിരുതന്മാർ ഇപ്പോഴും ഏറെ സജീവമാണെന്നാണ് അനുഭവം. കൊറോണ വൈറസിനോളം തന്നെ അപകടകാരിയാണ് ഉത്തരവാദിത്വബോധമില്ലാത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലെ പല വിരുതന്മാരും. ഇത്തരക്കാർക്ക് കടിഞ്ഞാണിടാൻ സർക്കാരിനു കഴിയണം.
കൊറോണ രോഗത്തിനെതിരെ സാദ്ധ്യമായ പ്രതിരോധ നടപടികളെല്ലാം സർക്കാരുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യയത്നങ്ങളെ പരീക്ഷിക്കും വിധമാണ് രോഗവ്യാപ്തിയെന്ന് പരക്കെ അറിവുള്ളതാണ്. ഇതിനിടയിലും തെറ്റുകുറ്റങ്ങൾ പെരുപ്പിച്ചുകാട്ടി സർക്കാരിനെതിരെ വാളോങ്ങുന്നവർക്ക് ഇപ്പോഴും കുറവൊന്നുമില്ല. എന്തിന്റെ പേരിലായാലും സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള സന്ദർഭം ഇതല്ലെന്ന് തിരിച്ചറിയണം. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ നടന്നുവന്ന സമരം ഇന്നലെയാണ് അവസാനിപ്പിച്ചത്. ഡൽഹി പോലൊരു സ്ഥലത്ത് രോഗത്തിന്റെ സമൂഹവ്യാപനമുണ്ടായാലുള്ള ആപൽ സാദ്ധ്യത സമരം സംഘടിപ്പിക്കുന്നവരെങ്കിലും മനസിലാക്കേണ്ടതായിരുന്നു.
കേരളത്തിലും സർക്കാർ നയത്തെ എതിർത്ത് ഈ കൊറോണക്കാലത്തും സമരത്തിനിറങ്ങുന്നവരെ കാണാം. കള്ളുഷാപ്പുലേലം തടസപ്പെടുത്താൻ പല സ്ഥലത്തും പ്രതിപക്ഷ പാർട്ടിക്കാർ സമരവുമായി എത്തി. സർക്കാരിനെതിരെ പോരാടാൻ ഇതല്ല സമയമെന്ന് എന്തേ മനസിലാക്കുന്നില്ല?
ബഡ്ജറ്റ് ചർച്ചകൾ പലതും മാറ്റിവച്ച് പാർലമെന്റ് കഴിഞ്ഞ ദിവസം സമ്മേളനം അവസാനിപ്പിച്ചിരുന്നു. രോഗവ്യാപനം തടയാനുദ്ദേശിച്ച് സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളിൽ പലതും ജനങ്ങൾ അവഗണിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശവും നൽകി. ഇതേസമയം കൊറോണയെ നേരിടാനാവശ്യമായ സാമ്പത്തിക പാക്കേജൊന്നും പ്രഖ്യാപിക്കാതെ പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചത് വലിയ പോരായ്മയായി. ജനങ്ങളെ സഹായിക്കേണ്ട വലിയ കടമ ഏറ്റെടുക്കാതെയാണ് ജനകീയ സഭ പിരിഞ്ഞത്. സർവ മേഖലകളും ആശ്വാസ നടപടികൾക്കായി കേന്ദ്ര സർക്കാരിനെ ഉറ്റുനോക്കുന്ന ഈ സന്ദർഭത്തിൽ പ്രതിപക്ഷങ്ങളുടെ ഇതുസംബന്ധമായ ആവശ്യം പോലും അംഗീകരിക്കാതെയാണ് സമ്മേളനത്തിന് സർക്കാർ വിരാമമിട്ടത്.
അവശ്യ സർവീസുകൾ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാ മേഖലകളും നിശ്ചലമായിക്കഴിഞ്ഞു. നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസ് തെരുവുകളിൽ ഇറങ്ങിക്കഴിഞ്ഞു. ജനങ്ങളെ പ്രകോപിപ്പിക്കും വിധമാകരുത് പൊലീസ് നടപടിയെന്ന് ഉറപ്പാക്കണം. നിയന്ത്രണങ്ങൾ സ്വയം പാലിച്ചുകൊണ്ട് രോഗവ്യാപനം തടയാനുള്ള യത്നങ്ങളിൽ പൂർണമായും സഹകരിക്കാൻ ജനങ്ങളും തയ്യാറാകണം.