വാഷിംഗ്ടൺ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ചെറിബ്ലോസം സീസൺ എത്തിയിരിക്കുകയാണ്. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചെറിബ്ലോസം സീസൺ ഉത്സവത്തിന് സമാനമാണ്. നിരവധി ടൂറിസ്റ്റുകളാണ് പൂത്തുലഞ്ഞ നില്കുന്ന ചെറിപ്പൂക്കൾ വീക്ഷിക്കാൻ എത്തുന്നത്. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ ചെറിബ്ലോസം സീസൺ ആളും ആരവവുമില്ലാതെ നിശബ്ദമാണ്. ചെറി ബ്ലോസം കാണാൻ ആരും എത്തരുതെന്നാണ് അധികൃതർ പുറയുന്നത്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിലും ഇപ്പോൾ ചെറി ബ്ലോസം സീസൺ അതിന്റെ പാരമ്യതയിൽ എത്തിനില്ക്കുകയാണ്. സന്ദർശകരെയെല്ലാം അധികൃതർ വിലക്കിയിട്ടുണ്ട്.
വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ പുഷ്പ വസന്തം കാണാനാകാതെ ആരും നിരാശപ്പെടേണ്ട എന്നാണ് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് പറയുന്നത്. ആളുകൾ വീട്ടിലിരുന്ന് ഓൺലൈനായി ചെറിബ്ലോസം വീക്ഷിക്കണമെന്ന് മെലാനിയ ട്വിറ്ററിലൂടെ അറിയിച്ചു. കൊറോണ പടരുന്ന സാഹചര്യത്തിൽ ഓരോ വ്യക്തിയും വീട്ടിലിരുന്ന് സഹകരിക്കണമെന്നും മെലാനിയ ഓർമിപ്പിച്ചു. അമേരിക്കയിലെ ചെറിബ്ലോസം കാണാൻ പലഭാഗത്തും ആളുകൾ തടിച്ചു കൂടുന്നത് അധികൃതർക്ക് തലവേദന സൃഷ്‌ടിക്കുന്നുണ്ട്. അടുത്ത എട്ട് ആഴ്ചത്തേക്ക് ആളുകൾ തമ്മിൽ കൂട്ടം കൂടരുതെന്ന് അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാഷിംഗ്ടണിലെ പ്രസിദ്ധമായ നാഷണൽ ചെറി ബ്ലോസം ഫെസ്റ്റിവൽ പരേഡ് റദ്ദാക്കിയിരിക്കുകയാണ്. വാഷിംഗ്ടൺ ടൈഡൽ ബേസിന് സമീപമുള്ള ചെറി ബ്ലോസം പാർക്കിലെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. എങ്കിലും കാലം തെറ്റാതെ കണ്ണിനു കുളിർമയേകി പൂത്തുനില്ക്കുന്ന ചെറിപ്പൂക്കളെ കാണാൻ വിലക്കുകൾ വകവയ്ക്കാതെ മാസ്കുകൾ ധരിച്ച് എത്തുന്നവരും കുറവല്ല.