തിരുവനന്തപുരം: കൊറോണയുടെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കടകൾ തുറക്കേണ്ട സമയം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് ആശയക്കുഴപ്പത്തിനിടയാക്കി.
കാസർകോട് ഒഴികെയുള്ള ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തുറക്കാമെന്നാണ് തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിന് ശേഷം വൈകിട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, രാത്രിയോടെ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ ഇത് 11 മുതൽ 5 വരെ എന്നായി. . നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള കാസർകോട് ജില്ലയിൽ മാത്രമാണ് ഈ സമയക്രമമുള്ളത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച്, ലോക്ക് ഡൗണിന്റെ ആദ്യദിവസമായ ഇന്നലെ രാവിലെ ഏഴോടെ മിക്കയിടങ്ങളിലും കടകൾ തുറന്നു. അപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തുറന്ന കടകൾ മുഴുവൻ പൊലീസ് അടപ്പിച്ചു. പ്രതിഷേധം ഉയർന്നതോടെ ഇടപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിൽ പിഴവ് പറ്റിയതാണെന്ന് വിശദീകരിച്ചു. ചീഫ് സെക്രട്ടറി കർശന നിയന്ത്രണങ്ങൾ പറഞ്ഞത് കാസർകോട് ജില്ലയെ മാത്രം ഉദ്ദേശിച്ചാണ്. മറ്റ് ജില്ലകളും ലോക്ക് ഡൗണിലാണെങ്കിലും അൽപ്പം കൂടി ഇളവുണ്ട്. എല്ലായിടത്തും അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി....